Kerala

പെരിയ ഇരട്ട കൊലപാതക കേസിൽ ശിക്ഷാ വിധി ഇന്ന്

കൊച്ചി: പെരിയ ഇരട്ട കൊലപാതക കേസിൽ ശിക്ഷാ വിധി ഇന്ന്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിക്കുക. ഉദുമ മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ, സിപിഐഎം ഉദുമ മുൻ ഏരിയ സെക്രട്ടറി കെ മണികണ്ഠൻ എന്നിവർ അടക്കം 14 പേർ കേസിൽ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. സിപിഐഎം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരൻ ഉൾപ്പടെ എട്ട് പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. 10 പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ടി രഞ്ജിത്ത്, എ സുരേന്ദ്രൻ എന്നിവർ തെളിവ് നശിപ്പിച്ചതായും പ്രതികളെ സംരക്ഷിച്ചതായും കണ്ടെത്തി. രണ്ടാം പ്രതിയെ പോലീസ് കസ്റ്റഡിയിൽ നിന്ന് കടത്തിക്കൊണ്ട് പോയെന്ന കുറ്റമാണ് മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പടെ നാല് പേർക്കെതിരെ ചുമത്തിയത്. പരമാവധി രണ്ട് വർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

2019 ഫെബ്രുവരി 17 നായിരുന്നു കേരളത്തെ നടുക്കിയ ഇരട്ടക്കൊലപാതകം കാസർകോട് പെരിയിൽ നടന്നത്. രാത്രി ഏഴരയോടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും കല്യോട്ട് കൂരാങ്കര റോഡിൽ തടഞ്ഞുനിർത്തി പ്രതികൾ ക്രൂരമായി ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ കൃപേഷ് സംഭവസ്ഥലത്തും ശരത്ത് ലാൽ മംഗളൂരൂവിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരണപ്പെട്ടു. കൊല്ലപ്പെടുമ്പോൾ ശരതിന് ഇരുപത്തിമൂന്നും കൃപേഷിന് പത്തൊമ്പതുമായിരുന്നു പ്രായം.

ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവം ആദ്യം ലോക്കൽ പൊലീസിന്റെ പ്രത്യേക സംഘവും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിക്കുകയായിരുന്നു. എന്നാൽ തങ്ങൾക്ക് പൊലീസിൽ വിശ്വാസമില്ലെന്ന് പറഞ്ഞ ശരതിന്റെയും കൃപേഷിന്റെയും മാതാപിതാക്കൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തത്.

പെരിയയിൽ നടന്നത് രാഷ്ട്രീയ കൊലപാതകമാണെന്നും പ്രതികൾ സിപിഐഎം ബന്ധമുള്ളവരാണെന്നും കോൺഗ്രസ് അന്ന് തന്നെ ആരോപിച്ചിരുന്നു. സംഭവത്തിന് തൊട്ടടുത്ത ദിവസം സിപിഐഎം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരൻ, സുഹൃത്തും സഹായിയുമായ സി ജെ സജി (സജി ജോർജ് ) എന്നിവരെ ലോക്കൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.