തൃശൂര്‍: സിപിഐഎം ജില്ലാ സമ്മേളനത്തിൻ്റെ പൊതുചർച്ചയിൽ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനം. പൊലീസില്‍ ആര്‍എസ്എസ് പിടിമുറുക്കി എന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചു. പാര്‍ട്ടിക്കോ സര്‍ക്കാരിനോ പൊലീസില്‍ സ്വാധീനമില്ലെന്നും പൊതുചർച്ചയിൽ വിമർശനം ഉയർന്നു. തുടര്‍ച്ചയായി ഉണ്ടായ ചേലക്കരയിലെ സ്ഥാനാര്‍ത്ഥി മാറ്റത്തിലും വിമര്‍ശനം ഉന്നയിച്ചു. ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തോറ്റിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി. പ്രകടനപത്രികയില്‍ പ്രഖ്യാപിച്ച വീട്ടമ്മമാരുടെ പെന്ഷന് നടപ്പാക്കാത്തതിലും രൂക്ഷ വിമര്‍ശനം ഉയർന്നു.
തൃശൂരിലെ ബിജെപിയുടെ വിജയം തടയാനായില്ലെന്ന് ജില്ലാ സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ടിലും വിമര്‍ശനമുണ്ടായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തന രീതികളില്‍ അടിമുടി മാറ്റം അനിവാര്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൈസ്തവ മേഖലയില്‍ ബിജെപി സ്വാധീനം വര്‍ധിക്കുന്നു. കരുവന്നൂര്‍ വിഷയം പാര്‍ട്ടിക്ക് കനത്ത പ്രഹരമായെന്നും പ്രാദേശിക ജാഗ്രത കുറവാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
തൃശൂരില്‍ ക്രിസ്ത്യന്‍ വോട്ടടക്കം ബിജെപിയ്ക്ക് അനുകൂലമായി 86,000 വോട്ടുകള്‍ കിട്ടിയെന്ന് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ വോട്ടാണ് ചോര്‍ന്നതെന്നും തൃശൂര്‍ കോണ്‍ഗ്രസില്‍ അതിഗുരുതര സ്ഥിതിയാണെന്നായിരുന്നു എംവി ഗോവിന്ദൻ്റെ പ്രതികരണം. കോണ്‍ഗ്രസിന്റെ ചെലവിലാണ് ഡല്‍ഹിയില്‍ ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കിയതെന്നും എം വി ഗോവിന്ദന് കൂട്ടിച്ചേര്‍ത്തിരുന്നു.
കഴിഞ്ഞ ദിവസമാണ് തൃശൂര്‍ ജില്ലാ സമ്മേളനം ആരംഭിച്ചത്. സിപിഐഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി സംസ്ഥാനത്ത് നടക്കുന്ന അവസാനത്തെ ജില്ലാ സമ്മേളനമാണിത്. ഫെബ്രുവരി 11ന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. നിലവില്‍ ജില്ലാ സെക്രട്ടറിയായ എം എം വര്‍ഗീസ് ചുമതല ഒഴിഞ്ഞേക്കും. എംഎല്‍എ കെ വി അബ്ദുല്‍ ഖാദര്‍ സിഐടിയു ജില്ലാ സെക്രട്ടറി യുപി ജോസഫ് എന്നിവരെയാണ് പുതിയ സെക്രട്ടറി പദത്തിലേക്ക് പരിഗണിക്കുന്നത്.
Add Comment