ടിക് ടോക്കിനൊപ്പം ഇന്ത്യ നിരോധിച്ച ചൈനീസ് ഓൺലൈൻ ഫാഷൻ ആപ്പായ ഷെയ്ൻ തിരികെ വരുന്നു. മുകേഷ് അംബാനിയുടെ റിലായൻസിന്റെ പിന്തുണയോടെയാണ് ഷെയ്ൻ ഇന്ത്യ ഫാസ്റ്റ് ഫാഷൻ ആപ്പ് തിരികെ എത്തുന്നത്. നിലവിൽ സിംഗപ്പൂർ ആസ്ഥാനമായുള്ള ഷെയ്ൻ ആപ്പിലൂടെയും ഓൺലൈൻ സ്റ്റോറുകളിലൂടെയും ഫാഷൻ ഉൽപ്പന്നങ്ങൾ വിൽക്കുന്നുണ്ട്. ഇന്ത്യയിൽ കമ്പനിയുടെ പ്രവർത്തനം പച്ചപിടിക്കുന്നതിനിടെയായിരുന്നു അഞ്ച് വർഷം മുമ്പ് ഷെയ്ൻ അടക്കം നിരവധി ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചത്. പിന്നീട് 2023 ൽ മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി നയിക്കുന്ന റിലയൻസ് റീട്ടെയിലുമായി കമ്പനിയുമായി കരാറിൽ ഏർപ്പെടുകയായിരുന്നു.
റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് ലിമിറ്റഡ് (ആർആർവിഎൽ) അതിന്റെ അനുബന്ധ സ്ഥാപനമായ ആർആർഎൽ (റിലയൻസ് റീട്ടെയിൽ ലിമിറ്റഡ്) ഷെയ്നിന്റെ ഉടമസ്ഥതയിലുള്ള റോഡ്ജെറ്റ് ബിസിനസ് പ്രൈവറ്റ് ലിമിറ്റഡുമായിട്ടായിരുന്നു കരാറിൽ ഏർപ്പെട്ടത്. തദ്ദേശീയ ഇ-കൊമേഴ്സ് റീട്ടെയിൽ പ്ലാറ്റ്ഫോം വികസിപ്പിക്കുന്നതിനാണ് ഈ കരാർ എന്നായിരുന്നു വിശദീകരണം.
പിന്നാലെ ഷെയിനിന്റെ ആപ്പ് മാത്രമാണ് നിരോധിച്ചിട്ടുള്ളതെന്നും ഷെയിനിന്റെ ബ്രാൻഡഡ് ഉൽപ്പന്നങ്ങളുടെ വിൽപ്പന നിരോധിച്ചിട്ടില്ലെന്നും കേന്ദ്രസർക്കാർ ലോക്സഭയെ അറിയിക്കുകയായിരുന്നു. ഷെയിനിന്റെ ബ്രാൻഡിന് കീഴിൽ ഉൽപ്പന്നങ്ങൾ നിർമ്മിച്ച് ആഭ്യന്തരമായും ആഗോളമായും വിൽക്കുന്ന പ്രാദേശിക നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും ഒരു ശൃംഖല സൃഷ്ടിക്കുക എന്നതാണ് പുതിയ പ്ലാറ്റ്ഫോമിന്റെ ഉദ്ദേശ്യമെന്ന് വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ സഭയിൽ പറഞ്ഞിരുന്നു.
ടെക്സ്റ്റൈൽസ് മന്ത്രാലയം ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവുമായും ആഭ്യന്തര മന്ത്രാലയവുമായും കൂടിയാലോചന നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. പുതിയ പ്ലാറ്റ്ഫോമിലെ ഡേറ്റ ഇന്ത്യയിൽ തന്നെയായിരിക്കും സൂക്ഷിക്കുകയെന്നും ഇന്ത്യയിൽ നിന്ന് തന്നെയാണ് ഹോസ്റ്റ് ചെയ്യുകയെന്നും അനുമതി നൽകുന്നതിന് കാരണമായി മന്ത്രി പറഞ്ഞിരുന്നു.
നിലവിൽ ഷെയ്ൻ ആപ്പിന്റെ ആൻഡ്രോയിഡ്, ഐഒഎസ് പതിപ്പുകൾ ലഭ്യമാണ്. ഡൽഹി, മുംബൈ, ബാംഗ്ലൂർ എന്നിവിടങ്ങളിലാണ് പ്രാരംഭഘട്ടത്തിൽ സേവനം നൽകുന്നത്. രണ്ടാംഘട്ടമായി രാജ്യവ്യാപകമായി ആപ്പിന്റെ സേവനം വിപുലീകരിക്കും. അതേസമയം ഷെയ്ൻ ആപ്പ് തിരികെ വന്നതോടെ സമാനമായി ടിക് ടോക്കും തിരികെ കൊണ്ടുവരുമോയെന്നാണ് ഉപഭോക്താക്കൾ ഉറ്റുനോക്കുന്നത്.
Add Comment