Pravasam UAE

പുതുവത്സരത്തോട് അനുബന്ധിച്ച് ഷാർജയിൽ സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു

ഷാർജ: പുതുവത്സരത്തോട് അനുബന്ധിച്ച് ഷാർജയിൽ സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. എല്ലാ സർക്കാർ വകുപ്പുകൾക്കും ഏജൻസികൾക്കും സ്ഥാപനങ്ങൾക്കും ജനുവരി ഒന്നിന് അവധിയായിരിക്കും. ഈ മേഖലയിലെ ജീവനക്കാർക്ക് 2025ലെ ആദ്യത്തെ അവധിയായിരിക്കും ജനുവരി ഒന്ന്. മാനവ വിഭവ ശേഷി മന്ത്രലായമാണ് അവധി പ്രഖ്യാപിച്ചത്. ജനുവരി രണ്ടാം തീയതി പ്രവൃത്തി ദിനം പുനരാരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

ജനുവരി ഒന്നിന് യുഎഇയിൽ സർക്കാർ-സ്വകാര്യ മേഖലയ്ക്ക് പൊതു അവധിയായിരിക്കും. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അന്നേ ദിവസം ശമ്പളത്തോട് കൂടിയുള്ള അവധിയായിരിക്കും ലഭിക്കുക. യുഎഇ മാനവ വിഭവശേഷി എമിറൈറ്റേസേഷൻ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

രാജ്യത്തെ സർക്കാർ ജീവനക്കാർക്കും ജനുവരി ഒന്നിന് അവധി ആയിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ​ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്സസ് പ്രഖ്യാപിച്ചിരുന്നു. 2025ലെ ആദ്യത്തെ അവധികൂടിയാണിത്. 2025ൽ 15 പൊതു അവധികളാണ് ലഭിക്കുക.

പുതുവത്സരത്തോട് അനുബന്ധിച്ച് രാജ്യത്തിൻ്റെ വിവിധ ഭാ​ഗങ്ങളിലായി വിപുലമായ ആഘോഷ പരിപാടികളാണ് നടക്കുക. വിവിധ കലാ- സാംസ്കാരിക പരിപാടികൾക്കൊപ്പം കരിമരുന്ന് പ്രയോ​ഗവും സംഘടിപ്പിക്കും. ​രാജ്യത്തെ പ്രവാസി സംഘടനകളും പുതുവത്സരത്തിൻ്റെ ഭാ​ഗമായി നിരവധി പരിപാടികൾ സംഘടിപ്പിക്കും.