India

മുഖ്യമന്ത്രി പദം ഡി കെ ശിവകുമാറിന് നല്‍കുമെന്ന സൂചന നല്‍കി സിദ്ധരാമയ്യ

ബെംഗളൂരു: ഈ വര്‍ഷം അവസാനം മുഖ്യമന്ത്രി പദം ഡി കെ ശിവകുമാറിന് നല്‍കുമെന്ന സൂചന നല്‍കി സിദ്ധരാമയ്യ. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അന്തിമതീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 2023ല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചു കയറിയോടെ ഇരുനേതാക്കളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ചിരുന്നു.

ഇതിനെ തുടര്‍ന്ന് രണ്ടരവര്‍ഷം വീതം പദവി പങ്കിടുക എന്ന ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അങ്ങനയൊരു ധാരണയില്ലെന്നാണ് സിദ്ധരാമയ്യ പ്രതികരിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി പദത്തില്‍ രണ്ടര വര്‍ഷമാവുന്നതോടെ താന്‍ മുഖ്യമന്ത്രി സ്ഥാനം കൈമാറുമെന്ന സൂചനയാണ് സിദ്ധരാമയ്യ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

അധികാരക്കൈമാറ്റം സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വവുമായി ധാരണയുണ്ടെന്നും തന്റെ അവസരത്തിനായി കാത്തിരിക്കുകയാണെന്ന് ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശിവകുമാര്‍ പറഞ്ഞിരുന്നു. ഈ പ്രതികരണം വിവാദമായതോടെ സിദ്ധരാമയ്യയുടെ വാക്ക് അന്തിമമാണെന്ന് പറഞ്ഞ് ശിവകുമാര്‍ തന്നെ ഇടപെട്ടിരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി സതീഷ് ജര്‍ക്കിഹോളിയും മുഖ്യമന്ത്രി പദത്തിനായി അവകാശവാദമുന്നയിക്കുന്നുണ്ട്. പക്ഷെ ശിവകുമാറിന് തന്നെയാണ് സാധ്യത കൂടുതല്‍.