ബെംഗളൂരു: കാറിന് മുകളില്‍ കണ്ടെയ്നര്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ ആറ് പേർ അതിദാരുണമായി കൊല്ലപ്പെട്ടു. വിജയപുര സ്വദേശിയും വ്യവസായിയുമായ ചന്ദ്രയാഗപ്പ (48), ഭാര്യ ഗൗരഭായ് (42), മക്കളായ ഗാന് (16), ദീക്ഷ (12), ആര്യ (6), ഭാര്യാ സഹോദരി വിജയലക്ഷ്മി (36) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു അപകടം. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കായി വിജയപുരയിലേക്ക് പുറപ്പെട്ടതായിരുന്നു ചന്ദ്രയാഗപ്പയും കുടുംബവും. ബെംഗളൂരു-തുമക്കുരു ദേശീയപാതയിലുണ്ടായ അപകടമാണ് ആറ് പേരുടേയും ജീവന് കവര്‍ന്നത്.
ബെംഗളൂരുവില്‍ നിന്ന് തുമകുരുവിലേക്ക് പോകുകയായിരുന്ന കണ്ടെയ്നര്‍ ലോറിയാണ് അപകടമുണ്ടാക്കിയത്. കാറും ലോറിയും ഒരേ ദിശയിലായിരുന്നു സഞ്ചരിച്ചിരുന്നത്. ഇതിനിടെ മറ്റൊരു ട്രക്കുമായി കണ്ടെയ്നര്‍ ലോറി കൂട്ടിയിടിച്ചു. ട്രക്കും കണ്ടെയ്നര്‍ ലോറിയും എന്നാല്‍ കണ്ടെയ്നര്‍ ലോറി കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. ക്രെയിന്‍ എത്തിച്ച് ഏറെ പണിപ്പെട്ടാണ് കാറിന് മുകളില്‍ നിന്ന് കണ്ടെയ്നര്‍ ലോറി മാറ്റിയത്. ഉടന്‍ തന്നെ ചന്ദ്രയാഗപ്പയെയും കുടുംബത്തെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു ചന്ദ്രയാഗപ്പ ഒന്നരക്കോടിയിലധികം വില വരുന്ന വോള്‍വോ എക്സി 90 ബി5 മൈല്‍ഡ് ഹൈബ്രിഡ് അള്‍ട്രാ കാര്‍ വാങ്ങുന്നത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ആറ് പേരുടേയും മൃതദേഹം നിലവില്‍ നെലമംഗലയിലെ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ മൂന്ന് കിലോമീറ്ററിലേറെ ദൂരം ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നു.
Add Comment