Lifestyle

പൊതുസ്ഥലത്തിരുന്ന് പുകവലിച്ചു; വിദേശകാര്യ മന്ത്രിക്ക് പിഴ

നിയമം ലംഘിച്ചാല്‍ മുഖം നോക്കാതെ നടപടി ഉറപ്പ്. അത്തരത്തിൽ ഇപ്പോൾ പണി വാങ്ങിച്ചിരിക്കുകയാണ് മലേഷ്യൻ വിദേശകാര്യ മന്ത്രി. പുകവലി നിരോധിത മേഖലയിൽ പുകവലിച്ചതിന് മലേഷ്യൻ വിദേശകാര്യ മന്ത്രിക്ക് പിഴ ചുമത്തിയിരിക്കുകയാണ് മലേഷ്യൻ ആരോഗ്യ മന്ത്രി. മലേഷ്യൻ സംസ്ഥാനമായ നെഗേരി സെമ്പിലാനിലെ തെരുവ് ഭക്ഷണശാലയിൽ നിന്ന് വിദേശകാര്യ മന്ത്രി മുഹമ്മദ് ഹസൻ പുകവലിക്കുന്ന ചിത്രം ആരോഗ്യമന്ത്രി ദുൽകെഫ്ലി അഹ്മദ് പങ്കുവെച്ചിരുന്നു.

2019 മുതൽ മലേഷ്യയിലെ എല്ലാ ഭക്ഷണശാലകളിലും റെസ്റ്റോറൻ്റുകളിലും പുകവലി നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരുന്നു. ഈ വർഷം ഒക്ടോബറിൽ ഈ പ്രഖ്യാപനം കൂടുതൽ കർശനമാക്കിയിരുന്നു. വിദേശകാര്യ മന്ത്രിയുടെ ഓഫീസിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി കുറ്റത്തിന് പിഴ നൽകണമെന്നും ആരോ​ഗ്യ മന്ത്രി ഡുൾകെഫ്‌ലി പറഞ്ഞു.

മലേഷ്യൻ നിയമപ്രകാരം നിരോധിത പ്രദേശങ്ങളിൽ പുകവലിക്കുന്ന ആളുകൾക്ക് 5,000 റിംഗിറ്റ് വരെ പിഴ ചുമത്താം. വിദേശകാര്യ മന്ത്രി മുഹമ്മദ് ഹസൻ ക്ഷമാപണം നടത്തിയിട്ടുണ്ട്. ആരോഗ്യ അധികാരികളിൽ നിന്ന് തനിക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും എന്നാൽ പിഴ തുക ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ പ്രചരിച്ചതോടെ നിരവധി ആളുകളാണ് പ്രതിക്ഷേധവുമായി രം​ഗത്തെത്തുന്നത്. നിങ്ങൾ മന്ത്രിയായാലും വിവിഐപിയായാലും തെറ്റ് എപ്പോഴും തെറ്റാണ്. ആരും നിയമത്തിന് അതീതരല്ല എന്നാണ് പലരുടെയും കമൻ്റുകൾ. നിയമങ്ങൾ ലംഘിക്കുന്ന അധികാരികൾ പൊതുജനങ്ങളേക്കാൾ കഠിനമായി ശിക്ഷിക്കപ്പെടണം എന്നായിരുന്നു മറ്റ് ചിലരുടെ അഭിപ്രായം.