പത്തനംതിട്ട അടൂരില്‍ അയല്‍വാസിയുടെ കോഴി ‘പ്രതി’യായ കേസ് രമ്യമായി പരിഹരിച്ച് ആര്‍ഡിഒ. അടൂർ പള്ളിക്കല്‍ വില്ലേജില്‍ ആലുംമൂട് പ്രണവത്തില്‍ രാധാകൃഷ്ണനാണ് പരാതിക്കാരൻ.
രാധാകൃഷ്ണന്റെ അയല്‍വാസിയായ പള്ളിക്കല്‍ കൊച്ചുതറയില്‍ അനില്‍ കുമാറിന്റെ വീട്ടിലെ കോഴിയാണ് പ്രതി.
പുലർച്ചെ മൂന്നിന് പൂവൻ കോഴി കൂവുന്നത് മൂലം ഉറങ്ങാൻ കഴിയുന്നില്ലെന്നും സ്വൈര്യജീവിതത്തിന് തടസമുണ്ടാക്കുന്നുവെന്നും കാണിച്ചായിരുന്നു രാധാകൃഷ്ണക്കുറുപ്പ് അടൂർ ആർഡിഒക്ക് പരാതി നല്‍കിയത്. തുടർന്ന് ഇരുകക്ഷികളെയും വിളിച്ച് പ്രശ്നങ്ങള്‍ കേട്ടറിഞ്ഞ ശേഷം ആർഡിഒ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. വീടിന്റെ മുകള്‍നിലയില്‍ വളർത്തുന്ന കോഴികളുടെ കൂവല്‍ പ്രായമായ, രോഗിയായ തന്റെ ഉറക്കത്തെ ബാധിക്കുന്നതായുള്ള പരാതിക്കാരന്റെ വാദം ശരിയാണെന്ന് ആർഡിഒക്ക് ബോധ്യപ്പെട്ടു.
പ്രശ്നപരിഹാരമായി അനില്‍ കുമാറിന്റെ വീടിന് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന കോഴിക്കൂട് മാറ്റിസ്ഥാപിക്കാനാണ് അടൂർ ആർഡിഒ ബി രാധാകൃഷ്ണൻ ഉത്തരവിട്ടത്. കോഴിക്കൂട് വീടിന്റെ കിഴക്കു ഭാഗത്തേക്ക് മാറ്റണമെന്നാണ് നിർദേശം. ഉത്തരവ് കൈപ്പറ്റി 14 ദിവസത്തിനകം കോഴിക്കൂട് മാറ്റണമെന്നാണ് ആർഡിഒയുടെ നിർദേശം.
Add Comment