തൃശൂർ: കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് പുതിയ ആരോപണം ഉന്നയിച്ച തിരൂർ സതീഷിന് പിറകിൽ താനാണെന്ന വാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. തിരൂർ സതീശന് പിന്നിൽ താനാണെന്ന് ചില മാദ്ധ്യമങ്ങൾ അവകാശപ്പെടുന്നുണ്ട്. ഇത്തരം വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.
ശോഭ സുരേന്ദ്രൻ കേരളത്തിൽ ഉണ്ടാവരുത് എന്ന് ആഗ്രഹിക്കുന്ന ചിലരുണ്ട്. അതിൽ ഒന്നാമത്തേയാൾ പിണറായി വിജയനാണ്. രണ്ടാമത്തേയാൾ ഗോകുലം ഗോപാലൻ. ബിജെപിയിലേക്ക് മാറാൻ എന്റെ കൂടെ ഡൽഹി വരെ എത്തിയ ഇപി ജയരാജനാണ് മൂന്നാമത്തേയാൾ.
സതീഷ് എന്നെ കാണാൻ വന്നിട്ടില്ല. സതീഷിനെക്കൊണ്ട് എന്റെ പേര് പറയിക്കുന്നതിന് പിന്നിൽ മുൻ മന്ത്രിയാണ്. 15,000 രൂപ മാത്രം ശമ്പളം വാങ്ങുന്ന സതീഷ് എങ്ങനെയാണ് ലക്ഷങ്ങൾ ലോൺ അടച്ചത്? എവിടെ നിന്നാണ് ഇത്രയും പണം? ആരാണ് കൊടുത്തത്? സതീഷിന് പലതവണ സംസ്ഥാന വിട്ട് പോയിരുന്നത് എന്തിനാണ്? മുൻ മന്ത്രിയുമായി സതീഷിന് എന്ത് ബന്ധമാണുള്ളത്? ഇതെല്ലാം അന്വേഷിക്കാതെ സതീഷിനെ സൗകര്യപൂർവം ശോഭയുടെ തലയിൽ കെട്ടിവയ്ക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ ചോദിച്ചു.
ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് കേരളരാഷ്ട്രീയത്തിൽ നിന്ന് എന്നെ പിന്മാറ്റി വീട്ടിലിരുത്താനാണ് ഉദ്ദേശ്യമെങ്കിൽ അതിന് പിറകിൽ പ്രവർത്തിച്ചവരെ മുന്നിൽക്കൊണ്ടുവരാൻ തനിക്കറിയാം. ഒരു വനിതാ നേതാവ് എന്ന് പറഞ്ഞുകൊണ്ട് നിങ്ങൾ ആരോപിച്ചോളൂ, പക്ഷെ എന്റെ പേര് ചേർത്ത് ആരോപണം ഉന്നയിക്കുമ്പോൾ, സൂക്ഷിക്കണം. കാരണം തന്തയ്ക്ക് ജനിച്ചവളാണ് ഞാൻ, ഏതവനോടും മറുപടി പറഞ്ഞിരിക്കും. എന്നെ നിങ്ങൾക്ക് കൊല്ലാം, പക്ഷെ ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം എന്റെ പൊതുപ്രവർത്തനത്തെ അവസാനിപ്പിക്കാൻ നിങ്ങൾക്കാവില്ല എന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
Add Comment