നമ്മുടെ കയ്യില്‍ നിന്ന് പോകുന്ന കറന്‍സി നോട്ടുകളും നാണയങ്ങളും കൈമാറി കൈമാറി എവിടെയെല്ലാം പോകാറുണ്ട്? ചില നോട്ടുകളില്‍ പല സന്ദേശങ്ങളും, പേരുകളും വിവരങ്ങളും, വിലാസവും എഴുതിയതും മറ്റും കൈമറിഞ്ഞ് കൈമറിഞ്ഞ് നമ്മുടെ കൈകളില്‍ എത്തിയിട്ടുമുണ്ടാവും. അത്തരത്തില്‍ ഒരു പത്തുരൂപ നോട്ടും അതിലെഴുതിയ വാചകവും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ആ നോട്ടിലെഴുതിയ വാചകത്തെ ഇന്നും ‘വിശ്വാസവഞ്ചന’യ്ക്ക് പകരമായ വാക്കായി കാണുകയും ഒക്കെ ചെയ്യുന്നത് വ്യത്യസ്തമായ ഒരു കാര്യമാണ്. വിചിത്രവും രസകരവുമായ കാര്യങ്ങളെ കാട്ടുതീപോലെ പടര്‍ത്തുന്ന ഇന്റര്‍നെറ്റില്‍ ‘സോനം ഗുപ്ത ബേവാഫ ഹേ’ എന്നെഴുതിയ 10 രൂപ നോട്ടും വൈറലാക്കിയത് അപ്രകാരമാണ്.
2016 ഓഗസ്റ്റിലാണ് ‘സോനം ഗുപ്ത ബേവാഫ ഹേ’ അതായത് ‘സോനം ഗുപ്ത വിശ്വാസ വഞ്ചകയാണ്’ എന്നെഴുതിയ 10 രൂപ നോട്ടിന്റെ ഫോട്ടോ ആദ്യമായി ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെടുന്നത്. ആ പേരിലുളള സ്ത്രീയാല്‍ ചതിക്കപ്പെട്ട ആരോ എഴുതിയ കുറിപ്പാകാം അത്. പിന്നീട് ഈ വാചകം കൗതുകത്തിന്റെ വിഷയമായി. സോനം ഗുപ്ത ആരാണെന്നും ആ സന്ദേശത്തിന് പിന്നിലെ കഥ എന്താണെന്നും അറിയാന്‍ ആളുകള്‍ ആഗ്രഹിച്ചു. സോനം ഗുപ്തയെക്കുറിച്ചുള്ള മീമുകളും തമാശകളും കലര്‍ത്തി നെറ്റിസണ്‍സ് പങ്കുവച്ച ചിത്രങ്ങള്‍ വൈറലായി.
500, 1000 രൂപ നോട്ടുകള്‍ ഇന്ത്യയില്‍ അസാധുവാക്കിയ സമയത്ത് ‘ സോനം ഗുപ്ത ബേവാഫ ഹേ’ എന്ന വാചകം വീണ്ടും പ്രത്യക്ഷപ്പെട്ടു. അതിന് ശേഷം 2000 രൂപയുടെ നോട്ടില്‍.. ഇങ്ങനെ പിവി സിന്ധു, ദീപ കര്‍മ്മാകര്‍, ദിഷ പടാനി, ഡൊണാള്‍ഡ് ട്രംപ് എന്നീ പ്രമുഖരുടെ പേരുകള്‍ക്കൊപ്പം ഗൂഗിളിലെ ട്രെന്‍ഡിംഗ് തിരയലായി സോനം ഗുപ്തയെന്ന പേരും മാറി. ആ വ്യക്തി ആരാണെന്ന് കണ്ടുപിടിക്കാനായി റേഡിയോ സ്‌റ്റേഷനുകളിലും മറ്റും തിരച്ചിലുകള്‍ നടന്നു. കഫേകളിലും ബാറുകളിലും ഒക്കെ അവളുടെ പേര് പങ്കിടുന്ന ആളുകള്‍ക്ക് സൗജന്യ പാനിയങ്ങള്‍ നല്‍കുന്ന ഘട്ടത്തിലേക്ക് വരെ കാര്യങ്ങള്‍ വളര്‍ന്നു. നെറ്റിസണ്‍സ് എത്രയൊക്കെ ശ്രമിച്ചിട്ടും സന്ദേശം എഴുതിയ വ്യക്തിയുയെയും സോനം ഗുപ്തയെയും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നതാണ് വസ്തുത. അവർക്കായി ഇപ്പോഴും തിരച്ചില്‍ നടത്തുന്നവരുണ്ടത്രേ…
Add Comment