ന്യൂഡൽഹി: ഭീകരവാദത്തെ ചെറുക്കാൻ അത്യാധുനിക സാങ്കേതികവിദ്യ ആവശ്യമാണെന്നും രാജ്യം അത് പ്രയോഗിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭീകരവിരുദ്ധ കോൺഫറൻസ് 2024ന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭീകരാക്രമണങ്ങൾക്ക് ഇപ്പോൾ അതിരുകളില്ലെന്നും അവ അദൃശ്യവുമാണെന്നും പറഞ്ഞ അമിത് ഷാ അവയെ കൃത്യമായി നേരിടാൻ നമ്മുടെ ഉദ്യോഗസ്ഥർക്ക് ഏറ്റവും ഉയർന്ന സാങ്കേതിക വിദ്യകൾ കൈമുതലാകേണ്ടതുണ്ടെന്ന് വ്യക്തമാക്കി. ഇതിനായി അവർക്ക് പരിശീലനം നൽകേണ്ടിവരും. വരും ദിവസങ്ങളിൽ തങ്ങൾ ഇത് പരിശീലനത്തിന്റെ ഒരു പ്രധാന ഭാഗമാക്കുമെന്നും അമിത് ഷാ പറഞ്ഞു.
കൂടാതെ ഭീകരതയെ ചെറുക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം ദേശീയ തീവ്രവാദ വിരുദ്ധനയവും തന്ത്രവും കൊണ്ടുവരുമെന്നും ഷാ പ്രഖ്യാപിച്ചു. തീവ്രവാദത്തോടുള്ള പ്രധാനമന്ത്രി മോദിയുടെ സീറോ ടോളറൻസ് നയം ഇപ്പോൾ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുകയാണെന്നും അതിനെ നേരിടാൻ രാജ്യം ശക്തമായ ആവാസവ്യവസ്ഥ കെട്ടിപ്പടുത്തിട്ടുണ്ടെന്നും ഷാ പറഞ്ഞു.
സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞു. ഇതുവരെ 36,468 പോലീസുകാരാണ് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്കും അതിർത്തികളുടെ സുരക്ഷയ്ക്കും വേണ്ടി ജീവൻ ബലിയർപ്പിച്ചത്. പരമോന്ന ത്യാഗം ചെയ്ത അവരുടെ ആത്മാവിന് എല്ലാവരോടും ആദരാഞ്ജലികൾ അർപ്പിക്കാനും രാജ്യത്തിന് വേണ്ടി അവരുടെ കുടുംബങ്ങൾക്ക് നന്ദി പറയാനും താൻ ആഗ്രഹിക്കുന്നുവെന്നും ഷാ പറഞ്ഞു.
Add Comment