2025 ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തിരിച്ചടി. ദക്ഷിണാഫ്രിക്കയുടെ സ്റ്റാര്‍ പേസര്‍ ആന്റിച്ച് നോര്‍ക്യയ്ക്ക് ടൂര്‍ണമെന്റ് നഷ്ടമായിരിക്കുകയാണ്. നട്ടെല്ലിനേറ്റ പരിക്കിനെ തുടര്‍ന്ന് താരത്തിന് ടീമില്‍ നിന്ന് ഒഴിവാക്കേണ്ടി വന്നിരിക്കുകയാണെന്ന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക സ്ഥിരീകരിച്ചു.
പരിക്കിനെ തുടര്‍ന്ന് നോര്‍ക്യയ്ക്ക് ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗായ എസ്എ 20യിലെ ശേഷിക്കുന്ന മത്സരങ്ങളും നഷ്ടമാവും. ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ഫിറ്റ്‌നസ് ഉറപ്പുവരുത്തുന്നതിനായി താരം സ്‌കാനിങ്ങിന് വിധേയനായിരുന്നു. എന്നാല്‍ സ്‌കാനിങ്ങില്‍ താരത്തിന്റെ പരിക്ക് ഗുരുതരമാണെന്ന് തെളിയുകയും ടൂര്‍ണമെന്റിന് മുന്നോടിയായി സുഖം പ്രാപിക്കാന്‍ സാധ്യത കുറവാണെന്നും വ്യക്തമാവുകയുമായിരുന്നു.
2024 ജൂണില്‍ നടന്ന ടി20 ലോകകപ്പ് ഫൈനലിന് ശേഷം ദക്ഷിണാഫ്രിക്കയ്ക്കായി ഒരു ഫോര്‍മാറ്റിലും നോര്‍ക്യ ഇടംപിടിച്ചിട്ടില്ല. ഡിസംബര്‍ രണ്ടിന് അബുദാബി ടി10 മത്സരത്തിനിടെയാണ് സ്റ്റാര്‍ പേസര്‍ അവസാനമായി മൈതാനത്ത് പ്രത്യക്ഷപ്പെട്ടത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഫെബ്രുവരി 21ന് അഫ്ഗാനിസ്ഥാനെതിരെയാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യ മത്സരം.
Add Comment