Kerala

സത്യപ്രതിജ്ഞയ്ക്കു ശേഷം രാഹുലിനും പ്രദീപിനും സ്പീക്കർ നൽകിയത് നീല ട്രോളിബാഗ്, ട്രോളിയതാണോ എന്ന് സോഷ്യൽ മീഡിയ

പുതിയ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്ത രാഹുല്‍ മാങ്കൂട്ടത്തിലിനും യുആർ പ്രദീപിനും സ്പീക്കർ ഉപഹാരമായി നല്‍കിയത് നീല ട്രോളി ബാഗ്.

നിയമസഭ ചട്ടങ്ങളും മറ്റ് അനുബന്ധ സാമഗ്രികളും അടങ്ങുന്നതാണ് ഈ നീല ട്രോളി ബാഗ്. ഇതോടെ രാഹുലിനെ ട്രോളിക്കൊണ്ടു നല്‍കിയതാണോയിതെന്ന സംശയത്തിലാണ് പ്രതിപക്ഷവും ഭരണപക്ഷവും. എന്നാല്‍ നീല ട്രോളി ബാഗ് നല്‍കിയത് തികച്ചും യാദൃശ്ചികം മാത്രമാണെന്ന് നിയമസഭ സെക്രട്ടറിയേറ്റിന്റെ വിശദീകരണം.

‌മുൻപും എംഎല്‍എമാർക്ക് ഇത്തരം ഉപഹാരങ്ങള്‍ നല്‍കാറുണ്ടെന്നാണ് നിയമസഭ സെക്രട്ടറിയ് നല്‍കിയ വിശദീകരണം. മുൻപേ വാങ്ങിവച്ച ബാഗുകളാണ് ഇരുവർക്കും നല്‍കിയത്. വിവാദങ്ങളുമായി ഇതിന് ബന്ധമില്ലെന്ന് നിയമസഭാ സെക്രട്ടറിയേറ്റ് അറിയിച്ചു.

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഏറെ ചർച്ചയായിരുന്നു നീല ട്രോളിബാഗ് വിവാദം. ട്രോളി ബാഗില്‍ കള്ളപ്പണം എത്തിച്ചുവെന്ന സിപിഎം നേതാക്കളുടെ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലും മറ്റ് പ്രവർത്തകരും താമസിച്ചിരുന്ന ഹോട്ടലില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ ആരോപണവുമായി ബന്ധപ്പെട്ട തെളിവുകളൊന്നും ലഭിച്ചില്ല. പിന്നീട് യാത്രയില്‍ ഉപയോഗിച്ച നീല ട്രോളി ബാഗുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തിയതോടെ ട്രോളി ബാഗ് വലിയൊരു രാഷ്ട്രീയ വിവാദമായി മാറി. എന്നാല്‍ തെളിവില്ലാത്തതിനെ തുടർന്ന് ഈ കേസ് പോലീസ് അവസാനിപ്പിക്കുകയും ചെയ്തു.

സെക്രട്ടറിയേറ്റ് വിശദീകരണം നല്‍കിയെങ്കിലും തിരഞ്ഞെടുപ്പില്‍ വിജയിച്ചു കയറിയ രാഹൂല്‍ മാങ്കൂട്ടത്തിലിനും യുആർ പ്രദീപിനും നീല ട്രോളി ബാഗ് നല്‍കിയത് ഒരു ‘ട്രോള്‍’ ആണെന്ന രീതിയില്‍ ചർച്ചയാവുകയാണിപ്പോള്‍.