കള്ളപ്പണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റേയും ബി.ജെ.പിയുടേയും ഇടയില്‍ നടക്കുന്ന കൈമാറ്റങ്ങള്‍ കണ്ടെത്താൻ എല്‍.ഡി.എഫിന് സ്ക്വാഡുകളുണ്ടെന്ന് പാലക്കാട് എല്‍.ഡി.എഫ് സ്ഥാനാർഥി ഡോ.പി.സരിൻ.
വളരെ കൃത്യമായ വിവരം കിട്ടും. എവിടെ, എന്ത്, ആര് ചെയ്താലും അത് മനസ്സിലാവും. ഇതിനായി സി.സി.ടി.വിക്കുമപ്പുറം ജനങ്ങളുടെ അകക്കണ്ണ് എന്താണെന്ന് അറിയുന്ന എല്‍.ഡി.എഫ് പ്രവർത്തകർ 24 മണിക്കൂറും ജാഗരൂകരാണെന്നും സരിൻ പറഞ്ഞു.
ബാഗില്‍ കൊണ്ടുപോയതാണ് സി.സി.ടി.വിയില്‍ വ്യക്തമായത്. അല്ലാതെ കൊണ്ടുപോയതും കിട്ടിയതും കൊടുത്തതുമൊക്കെ ചർച്ചയാകും. പണമൊഴുക്കി തുടങ്ങിയ ഒരു തിരഞ്ഞെടുപ്പായി ഇത് മാറിയെന്ന് മൂന്ന് ദിവസംമുമ്ബ് ഞാൻ സൂചിപ്പിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് ഇനി എന്തൊക്കെയാണ് പുറത്ത് വരാനുള്ളതെന്ന് ഓരോ ദിവസം കഴിയും തോറും കാണാമെന്നും സരിൻ പറഞ്ഞു.
‘ചാക്ക് വേണ്ട, പെട്ടിവേണ്ട, വികസനം മതി നന്മയുള്ള പാലക്കാടിന്’ എന്ന മുദ്രാവാക്യം ഉയർത്തികൊണ്ട് പാലക്കാട്ട് എല്‍.ഡി.എഫ് നടത്തിയ പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സരിൻ. കോണ്‍ഗ്രസ് നേതാക്കളുടെ ഹോട്ടല്‍ മുറികളില്‍ കഴിഞ്ഞദിവസം നടന്ന പോലീസ് റെയ്ഡും കൊടകര കേസും ഉയർത്തിക്കാട്ടി ചാക്കുകളും ട്രോളി ബാഗുമായിട്ടാണ് പാലക്കാട്ട് എല്‍ഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചത്.
Add Comment