Sports

എമര്‍ജിങ് ഏഷ്യാകപ്പില്‍ പാകിസ്താന്‍ എയെ തോല്‍പ്പിച്ച് ശ്രീലങ്ക എ ഫൈനലില്‍

എമര്‍ജിങ് ഏഷ്യാകപ്പില്‍ പാകിസ്താന്‍ എയെ തോല്‍പ്പിച്ച് ശ്രീലങ്ക എ ഫൈനലില്‍. വെള്ളിയാഴ്ച നടന്ന ആദ്യ സെമിഫൈനലില്‍ പാകിസ്താനെതിരെ ഏഴ് വിക്കറ്റിന്റെ വിജയമാണ് ലങ്ക സ്വന്തമാക്കിയത്. പാകിസ്താന്‍ ഉയര്‍ത്തിയ 136 റണ്‍സ് വിജയലക്ഷ്യം 16.3 ഓവറില്‍ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക മറികടന്നു.

ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തിലാണ് 135 റണ്‍സെടുത്തത്. പാകിസ്താന് വേണ്ടി ഓപണര്‍ ഉമൈര്‍ യൂസുഫ് അര്‍ധ സെഞ്ച്വറി നേടി. 46 പന്തില്‍ 68 റണ്‍സ് നേടിയ യൂസുഫാണ് പാകിസ്താന്റെ ടോപ് സ്‌കോറര്‍. ഹൈദര്‍ അലി (14), മുഹമ്മദ് ഇമ്രാന്‍ (13), അറഫത് മിന്‍ഹാസ് (10) എന്നിവര്‍ മാത്രമാണ് പിന്നീട് രണ്ടക്കം കടന്നത്. ലങ്കയ്ക്ക് വേണ്ടി ദുശന്‍ ഹേമന്ത നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നിപുണ്‍ രന്‍സികയും എശന്‍ മലിങ്കയും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ അഹാന്‍ വിക്രമസിങ്കെ പുറത്താകാതെ അര്‍ധ സെഞ്ച്വറി നേടി ലങ്കയെ വിജയത്തിലേക്ക് നയിച്ചു. 20 പന്തില്‍ 43 റണ്‍സെടുത്ത ലഹിരു ഉദാരയും മികച്ച സംഭാവന നല്‍കി. ഓപണര്‍ യശോദ ലങ്ക 11 റണ്‍സുമായി പുറത്തായപ്പോള്‍ സഹാന്‍ അരാച്ചിഗേ 17 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇന്നുതന്നെ നടക്കുന്ന ഇന്ത്യ എ- അഫ്ഗാന്‍ എയും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയികളെയാണ് ശ്രീലങ്ക കലാശപ്പോരില്‍ നേരിടുക.