Kerala

SSLC പരീക്ഷ തീയതി പ്രഖ്യാപിച്ചു; മാർച്ച് 3 മുതൽ 26 വരെ

തിരുവനന്തപുരം: ഇത്തവണത്തെ എസ്എസ്എൽസി, ഹയർസെക്കൻഡറി രണ്ടാംവർഷ പൊതുപരീക്ഷകൾ മാർച്ച് മൂന്ന് മുതൽ 26 വരെ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. എസ്എസ്എൽസി മോഡൽ പരീക്ഷ ഫെബ്രുവരി 17 മുതൽ 21 വരെയും നടക്കും.

പത്താംക്ലാസ് മൂല്യനിർണയ ക്യാംപുകൾ 2025 ഏപ്രിൽ എട്ടിന് ആരംഭിച്ച് 28-ന് അവസാനിക്കും. 2025 മെയ് മൂന്നാം വാരത്തിനുള്ളിൽ ഫലപ്രഖ്യാപനം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹയർസെക്കൻഡറി ഒന്നാംവർഷ പൊതുപരീക്ഷകൾ 2025 മാർച്ച് ആറ് മുതൽ 29 വരെയുള്ള ഒൻപത് ദിവസങ്ങളിലാണ് നിശ്ചയിച്ചിട്ടുള്ളത്.

2024-ൽ നടന്ന ഒന്നാംവർഷ ഹയർസെക്കൻഡറി പരീക്ഷയുടെ ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി പരീക്ഷകൾ നടത്തുന്നത് ഒന്നാംവർഷ ഹയർസെക്കൻഡറിക്കൊപ്പം അതേ ടൈംടേബിളിലായിരിക്കും. ഒന്നാംവർഷ ഹയർസെക്കൻഡറി പരീക്ഷയുടെ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകളുടെ മൂല്യനിർണയമാണ് ആദ്യം ആരംഭിക്കുന്നത്.

അതിനുശേഷം രണ്ടാംവർഷ ഹയർസെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയവും ഒന്നാംവർഷ ഹയർസെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയവും നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 428953 പേരാണ് പത്താം ക്ലാസിൽ പഠിക്കുന്നത്. ഇനി പരീക്ഷ രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കണം. അതിന് ശേഷം എത്ര പരീക്ഷ കേന്ദ്രങ്ങൾ വേണമെന്ന് തീരുമാനിക്കും. ഇംഗ്ലീഷ് ആണ് ആദ്യ പരീക്ഷ. 9.30 മുതൽ പരീക്ഷകൾ തുടങ്ങും.