Kerala

സംസ്ഥാന സ്കൂൾ കായികമേള നവംബറിൽ എറണാകുളത്ത്

കൊച്ചി: സംസ്ഥാന സ്കൂൾ കായിക മേള എറണാകുളം ജില്ലയിലെ 17 വേദികളിലായി നവംബർ  4 മുതൽ 11 വരെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. മമ്മൂട്ടി കായികമേളയുടെ ഉദ്ഘാടന വേദിയിൽ എത്തും. 24000 കായികതാരങ്ങൾ പങ്കെടുക്കുമെന്നും ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീമിന് മുഖ്യമന്ത്രിയുടെ എവർ റോളിങ് ട്രോഫി സമ്മാനമായി നൽകുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. തക്കുടു (അണ്ണാറകണ്ണൻ) ആണ് മേളയുടെ ഭാഗ്യ ചിഹ്നം. രാത്രിയും പകലുമായി മത്സരങ്ങൾ നടക്കും. സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളെ (ഭിന്നശേഷി) കൂടി ഉൾപ്പെടുത്തിയാകും മേള സംഘടിപ്പിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

കായികമേള സ്കൂൾ ഒളിംപിക്‌സ് എന്ന് പേര് മാറ്റാനായി ഒളിംപിക്സ് അസോസിയേഷനെ സമീപിച്ചെങ്കിലും സംഘടനയിലെ വിഭാഗീയതയെ തുടർന്ന് മറുപടി ലഭിച്ചില്ലെന്ന് മന്ത്രി പറഞ്ഞു. കൂടുതൽ നിയമ പ്രശ്‌നം വരാതിരിക്കാൻ സ്കൂൾ ഒളിമ്പിക്സ് എന്ന പേര് ഇത്തവണ ഉപയോഗിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഇൻക്ലൂസീവ് സ്പോർട്സ് ഇന്ത്യയിൽ തന്നെ ആദ്യമായി നടപ്പാക്കുന്ന സംസ്ഥാനം ആണ് കേരളം. ആദ്യ ഘട്ടത്തിൽ 1600 ഓളം കുട്ടികൾ പങ്കെടുക്കും. സവിശേഷ പരിഗണന അർഹിക്കുന്ന കൂടുതൽ കുട്ടികളെ അടുത്ത വർഷം മുതൽ മേളയുടെ ഭാഗമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.