India

അല്ലു അർജുന്റെ വീടിന് നേരെ കല്ലേറ്

അല്ലു അർജുന്റെ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ച് കയറി പ്രതിഷേധക്കാര്‍. ഹൈദരാബാദിലെ ജൂബിലി ഹിൽസിലുള്ള വീടിന് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. ഒരു പറ്റം വിദ്യാർത്ഥികളാണ് പ്രതിഷേധ പ്രകടനമെന്ന നിലയില്‍ വീട്ടിന് മുന്നിലേക്ക് എത്തിയതെന്നാണ് പ്രാഥമിക വിവരം. ഇവര്‍ മതില്‍ക്കെട്ടിനുള്ളിലേക്ക് അതിക്രമിച്ച് കയറുകയും വീടിന് നേരെ തക്കാളിയും കല്ലും എറിയുകയും സുരക്ഷാ ജീവനക്കാരനെ കയ്യേറ്റം ചെയ്യുകയും ചെയ്തു.

പുഷ്പ 2 പ്രദര്‍ശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ട രേവതിക്ക് നീതി വേണമെന്ന ആവശ്യവുമായാണ് പ്രതിഷേധക്കാര്‍ എത്തിയത്. ഇവര്‍ ചെടിച്ചട്ടികൾ തല്ലിതകർക്കുന്നതിന്റെയും വീടിന്റെ മതിലിന് മുകളിൽ കയറി നിൽക്കുന്നതിന്‍റെയും ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഇന്നലെ വൈകിട്ട് അല്ലു അർജുൻ വീടിന് മുന്നില്‍ വെച്ച് മാധ്യമ പ്രവർത്തകരോട് സംസാരിച്ചിരുന്നു. യുവതി മരിച്ച സംഭവത്തില്‍ അറസ്റ്റിലായതും തുടര്‍ന്ന് നടന്ന സംഭവങ്ങളുമടക്കമുള്ള വിഷയങ്ങളില്‍ നടന്‍ തന്‍റെ നിലപാട് വ്യക്തമാക്കിയിരുന്നു. അതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് ഈ പ്രതിഷേധ പ്രകടനവും കയ്യേറ്റവും നടന്നിരിക്കുന്നത്.