വാഷിംഗ്ടൺ ഡിസി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന നാസ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് തിരിച്ചുവരവിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. സുനിതയേയും സഹസഞ്ചാരി ബുച്ച് വിൽമോറിനേയും തിരിച്ചെത്തിക്കാനായി സ്പേസ് എക്സിന്റെ ഡ്രാഗൺ സ്പേസ്ക്രാഫ്റ്റ് ബഹിരാകാശത്ത് എത്തിച്ചിരുന്നു. ഈ പേടകത്തിലാണ് ഇരുവരുടേയും പരിശീലനം.
2025 ഫെബ്രുവരിയിലാണ് ഡ്രാഗൺ പേടകം ഇരുവരേയും വഹിച്ച് ഭൂമിയിലേക്ക് മടങ്ങുക. ഇതിനു മുന്നോടിയായി ബഹിരാകാശ നടത്തത്തിനും പദ്ധതിയുണ്ട്. സ്പേസ് വാക്കിനായി പ്രത്യേകം സജ്ജീകരിച്ച സ്പേസ് സ്യൂട്ടിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ തിരക്കിലാണ് സുനിത. ഇതോടൊപ്പം അൾട്രാസൗണ്ട് 2 ഡിവൈസ് ഉപയോഗിച്ച് സുനിതയുടേയും വിൽമോറിന്റേയും കാഴ്ച പരിശോധനയും നടത്തി. ബഹിരാകാശത്തുള്ള യന്ത്രം ഉപയോഗിച്ച് ഭൂമിയിലുള്ള ഡോക്ടർമാർ ഇരുവരുടേയും കോർണിയ, ലെൻസ്, ഒപ്റ്റിക് നേർവുകൾ തുടങ്ങിയവ പരിശോധിച്ചു.
2024 ജൂൺ അഞ്ചിന് എട്ടുദിവസത്തെ പര്യടനത്തിനായി ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ സുനിതയും വിൽമോറും പേടകത്തിലെ തകരാറിനെ തുടർന്ന് ബഹിരാകാശ നിലയത്തിൽ കുടുങ്ങുകയായിരുന്നു.
Add Comment