Kerala

മാധ്യമപ്രവർത്തകർക്ക് നേരെ സുരേഷ് ഗോപി തുടരുന്ന അധിക്ഷേപവും വിരട്ടലും അങ്ങേയറ്റം അപലപനീയം; കെ യു ഡബ്യു ജെ

തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്ക് നേരെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി തുടരുന്ന അധിക്ഷേപവും വിരട്ടലും അങ്ങേയറ്റം അപലപനീയമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. സിനിമയിൽ പണ്ട് കയ്യടി നേടിയ സൂപ്പർ ഹീറോയുടെ കെട്ട് മാറാതെയുള്ള ധാർഷ്ട്യവും ഭീഷണിയും മാധ്യമപ്രവർത്തകരോട് വേണ്ടെന്നും കേന്ദ്ര മന്ത്രി എന്നല്ല, സാധാരണ മനുഷ്യരുടെ ഭാഗത്തുനിന്ന് പോലും ഉണ്ടാകാൻ പാടില്ലാത്ത ഹീനമായ പെരുമാറ്റമാണ് സുരേഷ് ഗോപി തുടരുന്നതെന്നും കെയുഡബ്ല്യുജെ പറഞ്ഞു.

വഖഫ് വിവാദപരാമർശം സംബന്ധിച്ചുള്ള ചോദ്യം ചോദിച്ചത് ഇഷ്ടപ്പെടാത്തതിനാലാണ് 24 ന്യൂസ് മാധ്യമപ്രവർത്തകനായ അലക്സ് റാം മുഹമ്മദിനെ സുരേഷ് ഗോപി റൂമിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയത്. ഇതിലാണ് കെയുഡബ്ല്യുജെയുടെ പ്രതികരണം. 

മാന്യമായ രാഷ്ട്രീയമെന്ന പൊതുബോധം അൽപമെങ്കിലും ബാക്കിനിൽക്കുന്നുവെങ്കിൽ കേരളത്തിലെ പൊതുസമൂഹത്തോട് സുരേഷ് ഗോപി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. സ്വന്തം മന്ത്രിസഭയിലെ സഹപ്രവർത്തകൻ്റെ നിന്ദ്യമായ സമീപനം തിരുത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി കേന്ദ്ര നേതൃത്വവും തയാറാവണം. അപഹാസ്യമായ ഈ നടന രാഷ്ട്രീയത്തിന് അറുതി വരുത്താൻ മാധ്യമ മാനേജ്മെൻ്റുകളും മുന്നിട്ടിറങ്ങി ശ്രമിക്കണമെന്ന് യൂണിയൻ പ്രസിഡൻ്റ് കെ പി റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു. കേന്ദ്ര മന്ത്രിയുടെ മോശപ്പെട്ട സമീപനത്തിനെതിരെ ചൊവ്വാഴ്ച പ്രതിഷേധ ദിനം ആചരിക്കുമെന്ന് കെയുഡബ്ല്യുജെ വ്യക്തമാക്കി.

വഖഫ് കിരാത പരാമർശത്തിൽ ചോദ്യം ചോദിച്ചതാണ് സുരേഷ് ഗോപിയെ ചൊടിപ്പിച്ചത്. ശേഷം മാധ്യമപ്രവർത്തകനെ ഒറ്റയ്ക്ക് മുറിയിലേക്ക് വിളിച്ചുവരുത്തിയ സുരേഷ് ഗോപി ചോദ്യത്തിന് ഉത്തരം നൽകാൻ സൗകര്യമില്ലെന്നും കാണിച്ചുതരാമെന്നും പറയുകയായിരുന്നു. ഇവ വീഡിയോയിൽ പകർത്താൻ സുരേഷ് ഗോപിയുടെ ഗൺമാൻ ശ്രമിക്കുകയും ചെയ്തു. 

വയനാട്ടിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ വഖഫ് ബോർഡിന്റെ പേര് പറയാതെയായിരുന്നു സുരേഷ് ഗോപി വിമർശിച്ചത്. ഒരു ബോർഡ് പ്രവർത്തിക്കുന്നുണ്ട്, അതിന്റെ പേര് പറയാൻ ആഗ്രഹിക്കുന്നില്ല. നാല് ആംഗലേയ ഭാഷയിൽ ഒതുങ്ങുന്ന ഒരു കിരാതമുണ്ട്’ എന്നായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവന. തങ്ങൾക്ക് മുനമ്പത്തെ സുഖിപ്പിച്ച്‌ ഒന്നും നേടേണ്ട. അമിത് ഷാ അയച്ച ഒരു വീഡിയോ ഇവിടെ പ്രചരിപ്പിക്കുമെന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.