Sports

ജയ്‌സ്വാളിനെ ടീമിലെടുത്ത രോഹിത്തിനെ പുകഴ്ത്തി സുരേഷ് റെയ്ന

ഇന്ത്യയുടെ യുവ ഓപണര്‍ യശസ്വി ജയ്‌സ്വാളിനെ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയതില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും സെലക്ടര്‍മാരെയും അഭിനന്ദിച്ച് മുന്‍ താരം സുരേഷ് റെയ്‌ന. ഇതുവരെ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത ജയ്‌സ്വാളിനെ ചാമ്പ്യന്‍സ് ട്രോഫിക്കും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയതില്‍ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിയിലൂടെ ജയസ്വാളിന് ഒരുപാട് റണ്‍സ് സ്വന്തമാക്കാന്‍ സാധിക്കും എന്നാണ് റെയ്‌ന വിശ്വസിക്കുന്നത്.

‘ടീമിന് വേണ്ടി റണ്‍ സ്‌കോര്‍ ചെയ്യാനുള്ള അതിയായ ആഗ്രഹമുള്ളയാളാണ് ജയ്‌സ്വാളെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. വളരെ ആകാംക്ഷയോടെയാണ് അദ്ദേഹം ഇപ്പോഴുള്ള ലെവലിലേയ്ക്ക് എത്തിയത്. ഒരു ഏകദിനം പോലും കളിച്ചിട്ടില്ലാത്ത പയ്യനെയാണ് ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിലെടുത്തിരിക്കുന്നത്. അതിന് രോഹിത്തിനും സെലക്ടര്‍മാര്‍ക്കും അഭിനന്ദനങ്ങള്‍’, റെയ്‌ന പറഞ്ഞു.

‘ജയ്‌സ്വാള്‍ ഒരുപാട് കഠിനപരിശ്രമവും സമര്‍പ്പണവുമുള്ള താരമാണെന്ന് നമുക്കറിയാം. ഇപ്പോള്‍ അവന്റെ കണ്ണുകളില്‍ വ്യത്യസ്തമായ ആറ്റിറ്റ്യൂഡും ക്ഷമയും കാണാന്‍ സാധിക്കുന്നുണ്ട്. അതിനര്‍ത്ഥം ജയ്‌സ്വാള്‍ ഇതിനോടകം തന്നെ തയ്യാറെടുപ്പുകള്‍ നടത്തി എന്നതാണ്’, റെയ്‌ന ചൂണ്ടിക്കാട്ടി.

‘ഇതാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ സൗന്ദര്യം. കഠിനാധ്വാനം ചെയ്യാനും രാജ്യത്തെ പ്രതിനിധീകരിക്കാനുമുള്ള അഭിനിവേശവും നിങ്ങള്‍ക്കുണ്ടെങ്കില്‍ അതിനുള്ള അവസരങ്ങളും നിങ്ങളുടെ മുന്നില്‍ ഒരുങ്ങും. രോഹിത് ശര്‍മ യശസ്വിക്ക് വേണ്ടി ചെയ്യുന്നതും അതാണ്’, റെയ്‌ന കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ഹോം പരമ്പരയിലും ജയ്‌സ്വാള്‍ ടീമിന്റെ ഭാഗമാണ്. പരമ്പരയില്‍ താരം ടീം ഇന്ത്യയ്ക്ക് വേണ്ടിയുള്ള തന്റെ ഏകദിന അരങ്ങേറ്റം നടത്തും. തുടര്‍ന്ന് ദുബായില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി 2025 ല്‍ പങ്കെടുക്കും.

ചാംപ്യന്‍സ് ട്രോഫിക്കും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്.