Sports

മധുരമായ വിജയം; ലോകടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ പാക്കിസ്ഥാനെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക

ലോകടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ പാക്കിസ്ഥാനെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക എത്തിയപ്പോൾ അത് ക്യാപ്റ്റൻ ടെംബ ബാവുമയുടെ വിജയം കൂടിയാണ്. ലിമിറ്റഡ് ഓവർ മത്സരങ്ങളിൽ ക്യാപ്റ്റനെന്ന രീതിയിൽ കഴിഞ്ഞ ഏകദിന ലോകകപ്പിന്റെ സമയത്ത് പരാജയപ്പെട്ടപ്പോൾ പലപ്പോഴും ക്രൂരമായ രീതിയിൽ തന്നെ സോഷ്യൽ മീഡിയ ട്രോളിയതായിരുന്നു ആ മനുഷ്യനെ. എന്നാൽ ഇന്നിതാ അയാളുടെ നായകത്വത്തിൽ ദക്ഷിണാഫ്രിക്ക ലോകടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിലേക്കെത്തുമ്പോൾ അതൊരു മധുരമായ വിജയം കൂടിയാണ്.

മത്സരശേഷം ടെംബ ബാവുമയുടെ വാക്കുകളും ഇപ്പോൾ ശ്രദ്ധിക്കപ്പെടുകയാണ്. ‘എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു ഇമോഷനൽ മൊമെന്റാണ്. പ്രതിസന്ധികളിലൂടെ കടന്നുപോയെങ്കിലും ഞങ്ങൾ വിജയിച്ചു. മത്സരത്തിൽ ജയപരാജയങ്ങൾ മാറിമറിഞ്ഞുകൊണ്ടിരിക്കുമ്പോൾ ഞങ്ങളെല്ലാം ടെൻഷനിലായിരുന്നു. ആ സമയത്ത് ഞങ്ങൾ തമ്മിൽ ചർച്ചകളൊന്നുമുണ്ടായിരുന്നില്ല. എങ്കിലും ജയിക്കാമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. ഇതൊരു വലിയ വിജയമാണ്. എനിക്ക് മാത്രമല്ല, ഞങ്ങളുടെ ടീമിന് മുഴുവനും. ഈ വിജയം ഞങ്ങൾ ആഘോഷിക്കും.’ ബാവുമ പറഞ്ഞതിങ്ങനെ.

ജയപരാജയങ്ങൾ മാറിമറിഞ്ഞ ആദ്യടെസ്റ്റിൽ 2 വിക്കറ്റിനാണ് ടെംബ ബാവുമയുടെ ദക്ഷിണാഫ്രിക്ക വിജയം നേടിയത്. 148 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്കയ്ക്ക് ഒരു ഘട്ടത്തിൽ 99 റൺസിന് 8 വിക്കറ്റ് നഷ്ടപ്പെട്ടതാണ്. എന്നാൽ കാ​ഗിസോ റബാഡയും മാർക്കോ ജാൻസനും കൂടി 51 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു.
മൂന്ന് വർഷത്തിനു ശേഷം ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ മുഹമ്മദ് അബ്ബാസിന്റെ മാരകപേസാണ് സൗത്താഫ്രിക്കയെ വിറപ്പിച്ചത്. 19.3 ഓവറിന്റെ മാരത്തോൺ സ്പെൽ എറിഞ്ഞ അബ്ബാസ് 54 റൺസ് വഴങ്ങി ആറ് വിക്കറ്റുകളാണ് പിഴുതത്. എങ്കിലും അവസാനനിമിഷത്തെ വാലറ്റക്കാരുടെ ചെറുത്ത് നിൽപ് പാക്കിസ്ഥാന് വില്ലനായി. 40 റണ്‍സെടുത്ത തെംബ ബാവുമയാണ് ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിലെ ടോപ് സ്‌കോറര്‍. കഗിസോ റബാദ 31 റൺസും മാര്‍കോ ജാന്‍സന്‍ 16 റൺസുമെടുത്ത് പുറത്താകാതെ നിന്നു, സ്‌കോര്‍: പാകിസ്ഥാന്‍ 211 & 237, ദക്ഷിണാഫ്രിക്ക 301 & 148.

നേരത്തെ മത്സരത്തിനു മുമ്പ് തന്നെ തങ്ങൾ 2- 0 ത്തിന് പരമ്പര തൂത്തുവാരാൻ തന്നെയാണ് ലക്ഷ്യമിടുന്നത്, ടീമെന്ന നിലയിൽ കൂട്ടായ പരിശ്രമത്തിലൂടെ ഞങ്ങൾക്ക് അത് സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത് എന്നായിരുന്നു ബാവുമ പറഞ്ഞത്. ഇപ്പോഴിതാ സൗത്താഫ്രിക്കൻ സംഘം അത് ​ഗ്രൗണ്ടിൽ ആവർത്തിക്കുകയും ചെയ്തിരിക്കുകയാണ്.

About the author

KeralaNews Reporter

Add Comment

Click here to post a comment