Local

ക്ഷേത്രോത്സവത്തിനിടെ ഇടഞ്ഞോടിയ ആനപ്പുറത്ത് ക്ഷേത്ര ശാന്തി കുടുങ്ങിയത് അഞ്ച് മണിക്കൂറോളം

പൂച്ചാക്കല്‍: ക്ഷേത്രോത്സവത്തിനിടെ ഇടഞ്ഞോടിയ ആനപ്പുറത്ത് ക്ഷേത്ര ശാന്തി കുടുങ്ങിയത് അഞ്ച് മണിക്കൂറോളം. പെരുമ്പളം ദ്വീപിലെ എസ്എന്‍വി സമാജം പള്ളിപ്പാട്ട് ക്ഷേത്രോത്സവ എഴുന്നള്ളിപ്പിനിടെയാണ് ആന ഇടഞ്ഞത്. രാത്രി ഒന്‍പത് മണിയോടെ ഇടഞ്ഞ ആനയെ പുലര്‍ച്ചെ ഒന്നേ മുക്കാലോടെയാണ് തളച്ചത്.

മൂന്ന് വെറ്ററിനറി ഡോക്ടര്‍മാരടങ്ങിയ എലിഫെന്റ് സ്‌ക്വാഡും വനം വകുപ്പ് ഉദ്യോഗസ്ഥരും അഗ്നിരക്ഷാസേനയും ഉള്‍പ്പെടെ എത്തിയാണ് ആനയെ തളച്ചത്. ക്ഷേത്രം കീഴ്ശാന്തിയായ അഭിജിത്താണ് ആനപ്പുറത്ത് കുടുങ്ങിയത്.

ഹരിപ്പാട്ടുനിന്നുള്ള അപ്പു എന്ന ആനയാണ് ഇടഞ്ഞത്. എഴുന്നള്ളിപ്പ് കഴിയുന്നതിനിടയില്‍ ആന പിന്നോട്ടു മാറുകയും പിന്നീട് മുന്നോട്ട് 30 മീറ്ററോളം ഓടുകയുമായിരുന്നു. ഓട്ടത്തിനിടയില്‍ രണ്ടു തെങ്ങുകള്‍ ആന മറിച്ചിട്ടു.