പതിനൊന്നു വർഷങ്ങൾക്ക് ശേഷം ഒരു ‘വിദ്യാർത്ഥി’യെ വീണ്ടും കണ്ട അനുഭവം പങ്കിട്ടിരിക്കുകയാണ് എഴുത്തുകാരൻ ബെന്യാമിൻ. അന്ന് അവൾ എഴുതിവെച്ച ഡയറിയുമായാണ് ഇന്ന് ബെന്യാമിനെ കാണാൻ അവർ എത്തിയത്. ആൾ മറ്റാരും അല്ല, പ്രേമലുവിലെ ‘കാർത്തിക’യായും സൂക്ഷ്മദർശിനിയിലെ ‘സുലു’വായും മലയാള സിനിമ പ്രേക്ഷകരുടെ മനം കവർന്ന അഭിനേത്രിയായ അഖില ഭാർഗവൻ ആണ് ആ വിദ്യാർത്ഥി.
ഇക്കൊല്ലത്തെ കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവലിന് എത്തിയ അഖില ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ബെന്യാമിനെ കണ്ട അനുഭവം കുറിച്ച ഡയറിയും കൈയിൽ കരുതിയിരുന്നു. ഈ ഡയറിക്കുറിപ്പുകളുടെ ചിത്രം പങ്കിട്ട് എഴുത്തുകാരനായ ബെന്യാമിൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണിപ്പോൾ.
‘പതിനൊന്നു വർഷങ്ങൾക്ക് മുൻപ് ഒരു ഒൻപതാം ക്ലാസുകാരി തനിക്ക് പ്രിയപ്പെട്ട ഒരെഴുത്തുകാരനെ വളരെ അവിചാരിതമായി ഒരു നോക്ക് കണ്ടതിന്റെ ആവേശത്തിൽ സ്വകാര്യ ഡയറിയിൽ ആ സന്തോഷം എഴുതി വച്ചു. ഒരു പതിറ്റാണ്ടിനിപ്പുറം ഈ KLF ന് ആ പെൺകുട്ടി അതേ എഴുത്തുകാരനെ കാണാനായി കോഴിക്കോട് കടപ്പുറത്തേക്ക് വന്നു. അവളുടെ കൈയ്യിൽ അന്ന് എഴുതിയ ഡയറിക്കുറിപ്പും ഉണ്ടായിരുന്നു.
ആ ഒൻപതാം ക്ലാസ്സുകാരി ഇന്ന് ഏറെ വളർന്നിരിക്കുന്നു. പ്രേമലുവിലെ ‘കാർത്തിക’യായും സൂക്ഷ്മദർശിനിയിലെ ‘സുലു’വായും മലയാള സിനിമാ പ്രേക്ഷകരുടെ മനം കവർന്ന അഭിനേത്രി അഖില ഭാർഗവൻ ആണ് ആ പെൺകുട്ടി. ഞങ്ങൾ ഏറെ മിണ്ടി, ഫോട്ടോ എടുത്തു, കാപ്പി കുടിച്ചു. തമ്മിൽ കണ്ട ആവേശത്തിൽ ചേട്ടന് വീഡിയോ കോൾ ചെയ്തു.
താര ജാഡകളില്ലാത്ത ഒരു പാവം കുട്ടി. മലയാളത്തിന്റെ അഭിമാനമായ അഖിലയെ കാണാൻ കഴിഞ്ഞത് എന്റെയും സന്തോഷം. നന്ദി അഖില, ഇത്രയും കാലം ആ ഡയറി സൂക്ഷിച്ചു വച്ചതിന്, ഇത്രയും കാലം ആ സ്നേഹം കാത്തു സൂക്ഷിച്ചതിന്.. ഇത്തരം ചെറിയ ഇഷ്ടങ്ങളാണ് എഴുത്തിന്റെ മൂലധനം.’ ബെന്യാമിൻ ഫേസ് ബുക്കിൽ കുറിച്ചത് ഇങ്ങനെ.
Add Comment