കാഞ്ഞങ്ങാട്: പതിനഞ്ച് വയസ്സുകാരിയെ വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 49 വർഷം കഠിനതടവും 3,60,000 രൂപ പിഴയും ശിക്ഷ.
ബേഡഡുക്ക പന്നിയാടിയിലെ ഗോപിയെയാണ് (51) ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി പി.എം. സുരേഷ് ശിക്ഷിച്ചത്. പോക്സോ, ഐ.പി.സിയുടെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് ശിക്ഷ. ഇത് ഒന്നിച്ചനുഭവിച്ചാല്‍ മതി. 2021 ഒക്ടോബർ ആദ്യവാരം രാവിലെ എട്ടോടെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്.
പെണ്‍കുട്ടി താമസിക്കുന്ന വീട്ടിലേക്ക് മറ്റാരുമില്ലാത്ത സമയത്ത് എത്തിയായിരുന്നു ലൈംഗികാതിക്രമം നടത്തിയത്. ഇതേവർഷം ക്രിസ്മസ് കഴിഞ്ഞുള്ള ദിവസം രാവിലെ ഒമ്ബതോടെ വീട്ടില്‍ ആരുമില്ലാത്ത സമയത്തും കുട്ടിയെ പീഡിപ്പിച്ചു. വീട്ടിലെ കിടപ്പുമുറിയില്‍ അതിക്രമിച്ചുകടന്ന് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. ബേഡകം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതിവിധി. കേസിന്റെ ആദ്യ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റു ചെയ്തത് അന്നത്തെ ഇൻസ്പെക്ടറായിരുന്ന ടി. ദാമോദരനാണ്. അന്വേഷണം പൂർത്തീകരിച്ച് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചത് സബ് ഇൻസ്പെക്ടർ എം. ഗംഗാധരനും. പ്രോസിക്യൂഷനുവേണ്ടി ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോർട്ട് പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.
Add Comment