ബെംഗളൂരു: തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ച സഹകരണ ബാങ്ക് കവർച്ച കേസ് പ്രതിയെ പൊലീസ് വെടിവെച്ചു വീഴ്ത്തി. മുംബൈ സ്വദേശി കണ്ണൻ മണിയെയാണ് പൊലീസ് വെടിവെച്ചു വീഴ്ത്തിയത്. തെളിവെടുപ്പിനിടെ ബീയർ ബോട്ടിൽ പൊട്ടിച്ച് പൊലീസിനെ കുത്തിയാണ് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചത്.
കാലിൽ വെടിവെച്ച് വീഴ്ത്തിയ പൊലീസ് ബലപ്രയോഗത്തിലൂടെ പ്രതിയെ കീഴ്‍പ്പെടുത്തുകയായിരുന്നു. കാലിനു പരുക്കേറ്റ പ്രതിയെയും ആക്രമണ ശ്രമത്തിൽ പരുക്കേറ്റ മൂന്ന് പൊലീസുകാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുംബൈ, തമിഴ്നാട് എന്നിവിടങ്ങൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അന്തർ സംസ്ഥാന മോഷ്ടാവാണ് വെടിയേറ്റ കണ്ണൻ മണി. തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ നിന്നാണ് ഇയാളെയും കൂട്ടാളികളെയും പിടികൂടിയത്. സംഘത്തിലുണ്ടായിരുന്ന ബാക്കിയുള്ള രണ്ടു പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ബാങ്കിൻ്റെ കെസി റോഡ് ശാഖയിൽ വൻ കവർച്ച നടന്നത്. 12 കോടി രൂപയുടെ പണയാഭരണങ്ങളായിരുന്നു പ്രതികൾ മോഷ്ടിച്ചത്. ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു കവർച്ച. തോക്കുകളും വാളുകളുമായി അക്രമികൾ ബാങ്കിലേക്ക് ഇരച്ചുകയറുകയായിരുന്നു. ആ സമയം നാലു ജീവനക്കാരും സിസിടിവി നന്നാക്കാൻ എത്തിയിരുന്ന ടെക്നീഷ്യനുമായിരുന്നു ബാങ്കിലുണ്ടായിരുന്നത്. സംഘം ബാങ്കിൻ്റെ ലോക്കർ തുറന്ന് സംഘം സ്വർണവും പണവും കവരുകയായിരുന്നു.
Add Comment