Kerala

ബാഗേജിൽ എന്തെന്ന ചോദ്യത്തിന് ബോംബെന്ന് ഉത്തരം, കോഴിക്കോട് സ്വദേശിയുടെ യാത്ര മുടങ്ങി

കൊച്ചി: ബാഗേജില്‍ കനം കൂടുതലാണല്ലോ, എന്താണിതിലെന്ന് ചോദിച്ചത് ഇഷ്ടപ്പെടാതെ ബോംബാണെന്ന് മറുപടി പറഞ്ഞ യാത്രക്കാരന്‍റെ യാത്ര മുടങ്ങി.

നെടുമ്ബാശ്ശേരി വിമാനത്താവളത്തിലാണ് സംഭവം. ബുധനാഴ്ച രാത്രി 11.30 ന് കോലാലംപൂരിലേക്ക് പുറപ്പെട്ട തായ് എയർ വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയ കോഴിക്കോട് സ്വദേശി റഷീദിന്‍റെ യാത്രയാണ് ഒറ്റ മറുപടിയില്‍ മുടങ്ങിയത്. യാത്രക്കാരനെതിരെ പൊലീസ് കേസ് എടുത്തു.

ലഗേജില്‍ നിശ്ചിത പരിധിയില്‍ കൂടുതല്‍ സാധനങ്ങളുണ്ടായാല്‍ ഒഴിവാക്കാൻ ആവശ്യപ്പെടാറുണ്ട്. സുരക്ഷാ പരിശോധനക്കിടെ ഈ ചോദ്യം ഇഷ്ടപ്പെടാതിരുന്ന യാത്രക്കാരന്‍റെ പെട്ടെന്നുള്ള പ്രതികരണം അദ്ദേഹത്തിന്‍റെ യാത്ര മുടക്കിയിരിക്കുകയാണ്. ബോംബുണ്ട് എന്ന് യാത്രക്കാരൻ പറഞ്ഞാലോ അതേങ്കിലും തരത്തില്‍ ബോംബ് ഭീഷണി മുഴക്കിയാലോ അടിയന്തരമായി റിപ്പോർട്ട് ചെയ്യണമെന്ന വ്യോമയാന നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.

വിമാനത്താവളത്തില്‍ തമാശയ്ക്ക് പോലും കയ്യില്‍ ബോംബുണ്ട്, വിമാനം ഹൈജാക്ക് ചെയ്യാൻ പോവുകയാണ് എന്നെല്ലാം പറഞ്ഞാല്‍ യാത്ര മുടങ്ങും. ഒപ്പം തുടരന്വേഷണങ്ങള്‍ നേരിടേണ്ടി വരികയും ചെയ്യും. സമീപ കാലത്ത് വിമാനങ്ങള്‍ക്ക് നിരവധി തവണ വ്യാജ ബോംബ് ഭീഷണികള്‍ ഉണ്ടായിട്ടുണ്ട്. അതിനാല്‍ തന്നെ വ്യോമയാന നിയമങ്ങള്‍ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു.