Kerala

ആത്മകഥാ വിവാദം; സത്യസന്ധമായി പൊലീസിന് മൊഴി നല്‍കിയെന്ന് ഇ പി ജയരാജന്‍

കണ്ണൂര്‍: ആത്മകഥാ വിവാദത്തില്‍ സത്യസന്ധമായി പൊലീസിന് മൊഴി നല്‍കിയെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍. നിയമനടപടിയുമായി താന്‍ മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഡിസി ബുക്‌സിന്റെ കാര്യങ്ങള്‍ അവരോട് ചോദിക്കണമെന്നും തന്റെ കാര്യങ്ങള്‍ തനിക്ക് അറിയാമെന്നും ഇ പി ജയരാജന്‍ പ്രതികരിച്ചു.

തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം തോല്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ‘തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം എല്ലാ മുന്നണികളും സ്ഥാനാര്‍ത്ഥികളും കാര്യങ്ങളെല്ലാം അവതരിപ്പിച്ച് കഴിഞ്ഞു. നാളെ എണ്ണിതിട്ടപ്പെടുത്തും. പാലക്കാട്ടെ കാര്യങ്ങള്‍ പാലക്കാട്ടെ കേന്ദ്രങ്ങള്‍ക്കാണ് അറിയാന്‍ കഴിയുക. പാലക്കാട് നല്ല പ്രതീക്ഷയുണ്ട്. ഇടതുപക്ഷം തോല്‍ക്കില്ല, ജയിക്കും’, അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ആത്മകഥാ വിവാദത്തില്‍ ഇ പി ജയരാജന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയത്. കണ്ണൂര്‍ കീച്ചേരിയിലെ ജയരാജന്റെ വീട്ടില്‍ വെച്ചാണ് മൊഴി രേഖപ്പെടുത്തിയത്. ഡിസി ബുക്സ് ഉടമ രവി ഡിസിയുടെ മൊഴി രേഖപ്പെടുത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഡിസി ബുക്സിനെതിരെ ജയരാജന്‍ നിയമ നടപടി സ്വീകരിച്ചിരുന്നു. ആത്മകഥയില്‍ തെറ്റായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി പ്രചരിപ്പിച്ചതിനെതിരെയായിരുന്നു നിയമനടപടി. പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് ഇപി ജയരാജനും ഡിസി ബുക്‌സും തമ്മില്‍ കരാറുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കും.

കട്ടന്‍ചായയും പരിപ്പുവടയും എന്ന പേരിലാണ് ഡിസി ബുക്‌സ് ഇ പി ജയരാജന്റെ ആത്മകഥയുടെതെന്ന പേരില്‍ കവര്‍ചിത്രം പുറത്തുവിട്ടത്. വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസമായിരുന്നു സംഭവം. ആത്മകഥയില്‍ പാര്‍ട്ടിക്കെതിരെയും രണ്ടാം പിണറായി സര്‍ക്കാരിനെതിരെയും ഇ പി രൂക്ഷ വിമര്‍ശനം ഉന്നയിച്ചതായി ആരോപണം ഉയര്‍ന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്ന വാദവും ഇ പി ഉയര്‍ത്തിയതായി വാര്‍ത്തകള്‍ പ്രചരിച്ചു. തുടര്‍ന്ന് തന്റെ ആത്മകഥയുടെ കവര്‍ചിത്രമല്ല ഇതെന്നും ഡിസി ബുക്‌സിന് കരാര്‍ നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കി ഇ പി രംഗത്ത് വന്നിരുന്നു.