Kerala

ആത്മകഥാ വിവാദം; ഇ പി ജയരാജനെ അനുകൂലിച്ച് പി വി അൻവർ എംഎൽഎ

ചേലക്കര: ആത്മകഥാ വിവാദം കൊടുമ്പിരി കൊണ്ടിരിക്കെ ഇ പി ജയരാജനെ അനുകൂലിച്ച് പി വി അൻവർ എംഎൽഎ. ഇ പി ജയരാജനെ ഒതുക്കുന്നതാണെന്നും അദ്ദേഹം വെറും സാധു മനുഷ്യനാണെന്നും പി വി അൻവർ പറഞ്ഞു.

ഇ പി വിവാദം വിശ്വാസ്യയോഗ്യമായി തോന്നിയില്ല എന്നതാണ് അൻവറിന്റെ അഭിപ്രായം. ചേലക്കര തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന ഒരു വലിയ ഗൂഢാലോചനയാണിത്. ഈ തിരഞ്ഞെടുപ്പിൽ അമ്പത് ശതമാനത്തോളം സിപിഐഎം വോട്ട് ചോരും. അതുകൊണ്ട് ജയരാജന്റെ പുസ്തകം ഏൽപ്പിച്ചയാളെ സിപിഐഎം വിലയ്ക്കുവാങ്ങി അൻവറിനെ വർഗീയവാദിയാക്കി ചിത്രീകരിച്ചു. ഇതിന് പി ശശിയുടെയും, മുഹമ്മദ് റിയാസിന്റെയും, പിണറായി വിജയന്റെയും അനുവാദം ഉണ്ടാകും. ഇ പി ഒരു സാധുമനുഷ്യനാണെന്നും അദ്ദേഹത്തെ പിണറായി ഒതുക്കുന്നത് മരുമകനെ മുഖ്യമന്ത്രിയാകാനാണെന്നും പി വി അൻവർ ആരോപിച്ചു.

അതേസമയം, വിവാദക്കോളിളക്കത്തിന് പിന്നാലെ ഇ പി ജയരാജന്റെ ആത്മകഥയായ ‘കട്ടന്‍ചായയും പരിപ്പുവടയും’ ഉടൻ പ്രസിദ്ധീകരിക്കില്ലെന്ന് ഡി സി ബുക്ക്സ്. നിർമ്മിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലം പ്രസാധനം നീട്ടിവെച്ചതായി ഡി സി ബുക്ക്സ് ഫേസ്ബുക്കിലൂടെ അറിയിച്ചു. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാകുന്നതാണെന്നും ഡി സി ബുക്ക്സ് വിശദീകരിച്ചു. സംസ്ഥാനത്ത് നിർണായകമായ ഉപതിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെയാണ് സർക്കാരിനെയും പാർട്ടിയെയും വെട്ടിലാക്കി വീണ്ടും ഇ പി ജയരാജൻ ആത്മകഥയിലെ ഭാഗങ്ങൾ പുറത്തുവന്നത്. ഇ പി ജയരാജന്റെ ആത്മകഥയായ കട്ടൻചായയും പരിപ്പുവടയും എന്ന പുസ്തകത്തിൽ പാർട്ടിക്കെതിരെയും രണ്ടാം പിണറായി സർക്കാരിനെതിരെയും രൂക്ഷവിമർശനമാണ് ഉള്ളത്. എന്നാല്‍ വാർത്തകള്‍ നിഷേധിച്ച് ഇ പി രംഗത്തെത്തി. താന്‍ എഴുതാത്ത കാര്യങ്ങളാണ് പുറത്തുവന്നതെന്ന് ഇ പി പ്രതികരിച്ചു.