ഒരു കാലത്ത് ഇന്ത്യയുടെ ഭാവി ഇതിഹാസമെന്നും സച്ചിന്‍റെ പിൻഗാമിയെന്നും വാഴ്ത്തപ്പെട്ടവനായിരുന്നു പൃഥ്വി ഷാ. എന്നാൽ ഇപ്പോൾ ഐപിഎൽ പതിനെട്ടാം സീസണിൽ ഒരു ടീമും വിളിച്ചെടുക്കാനില്ലാത്ത അവസ്ഥയിലേക്ക് പൃഥ്വി ഷാ മാറിയിരിക്കുകയാണ്. മടിയും അലസതയുമാണ് താരത്തിന്റെ കരിയർ ഇല്ലാതാക്കിയതാണെന്നാണ് പല മുൻ താരങ്ങളും പറയുന്നത്. മുമ്പ് താരമുണ്ടായിരുന്ന ഐപിഎൽ ക്ലബുകളുടെ മാനേജ്‌മെന്റുകൾ വരെ ഇക്കാര്യത്തിൽ നേരത്തെ തന്നെ പൃഥ്വി ഷായെ വിമർശിച്ചിരുന്നു.
ഈ അടുത്തിടെ രഞ്ജിട്രോഫി ടീമിൽ നിന്നും താരത്തെ മുംബൈ മാറ്റിനിർത്തിയിരുന്നു. മുഷ്താഖ് അലി ട്രോഫിയിൽ മുംബൈക്ക് വേണ്ടി കളിച്ചിരുന്നുവെങ്കിലും തിളങ്ങാനായിരുന്നില്ല. ഇപ്പോഴിതാ താരത്തിന് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ഇതിഹാസം കെവിൻ പീറ്റേഴ്സൺ.
പൃഥ്വി ഷായ്ക്കൊപ്പം നല്ല ആളുകളുണ്ടെങ്കിൽ തീർച്ചയായും താരത്തിന് തിരിച്ചുവരാവുന്നതേയുള്ളു എന്ന് അഭിപ്രായപ്പെട്ട പീറ്റേഴ്സൺ കുറച്ച് കാലത്തേക്ക് സോഷ്യൽ മീഡിയയിൽ നിന്ന് മാറി നിൽക്കാനും ഉപദേശിച്ചു. ‘സ്പോർട്സിന്‍റെ ഏറ്റവും നല്ല കഥകൾ തിരിച്ചുവരവിന്‍റേതാണ്. പൃഥ്വി ഷാക്കൊപ്പം ആളുകളുണ്ടെങ്കിൽ അവനെ ഇരുത്തി, സോഷ്യൽ മീഡിയയിൽ നിന്നും ഇറങ്ങി ഫിറ്റ്നസിന് വേണ്ടി കഠിനമായി പരിശ്രമിക്കാൻ പറയുക. അത് അവനെ വീണ്ടും വിജയവഴിയിലെത്തിക്കും. വെറുതെ കളയുന്ന മികച്ച ടാലന്റാണ് അവൻ. സ്നേഹം, കെ.പി,’ എന്നാണ് പീറ്റേഴ്സൺ എക്സിൽ കുറിച്ചത്.
Add Comment