Politics

കോഴ വിവാദം; തോമസ് കെ തോമസിന് എൻ.സി.പിയുടെ ക്ലീൻ ചിറ്റ്

കൂറുമാറ്റ കോഴ വിവാദത്തില്‍ തോമസ് കെ. തോമസ് എംഎല്‍എയ്ക്ക് എൻസിപിയുടെ ക്ലീൻ ചിറ്റ്. പാർട്ടി തല അന്വേഷണ റിപ്പോർട്ട് പുറത്തു വന്നിട്ടുണ്ട്.

തോമസിനെ സംരക്ഷിക്കാൻ വേണ്ടിയാണ് അന്വേഷണ കമ്മിഷനെ നിയോഗിച്ചതെന്ന അഭ്യൂഹങ്ങള്‍ പുറത്തു വന്നരുന്നു. ഇത് ശരിവച്ചുള്ള റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.

കോവൂർ കുഞ്ഞുമോൻ എംഎല്‍എയുടെ വാദമുഖങ്ങളാണ് റിപ്പോർട്ട് അംഗീകരിച്ചിരിക്കുന്നത്. എല്‍ഡിഎഫ് എംഎല്‍എമാരായ ആന്‍റണി രാജുവിനും കോവൂർ കുഞ്ഞുമോനും എൻസിപി അജിത് പവാറിന്‍റെ ഭാഗത്തേക്ക് കൂറുമാറാനായി 50 ലക്ഷം വീതം കോഴ വാഗ്ദാനം ചെയ്തെന്ന പരാതി മുഖ്യമന്ത്രി പിണറായി വിജയനാണ് ലഭിച്ചത്. ഇത് ആന്റണി രാജു മുഖ്യമന്ത്രിക്കു മുന്നില്‍ സ്ഥിരീകരിക്കുകയും കോവൂർ കുഞ്ഞുമോൻ തള്ളുകയും ചെയ്തിരുന്നു.

എൻ‌സിപിയുടെ അന്വേഷണ കമ്മിഷന് മുന്നിലെത്തിയ കോവൂർ കുഞ്ഞുമോൻ ഇത്തരമൊരു സംഭവം ഉണ്ടായിട്ടേ ഇല്ലെന്ന് വിശദീകരിക്കുകയായിരുന്നു. തോമസ് കെ. തോമസും തനിക്കെതിരായ അന്വേഷണ റിപ്പോർട്ട് പാടെ തള്ളുകയായിരുന്നു. ഇത്തരമൊരു വിഷയത്തെക്കുറിച്ച്‌ മാധ്യമങ്ങള്‍ വഴി പുറത്തു വന്ന വാർത്തകളിലൂടെയാണ് അറിഞ്ഞതെന്ന് അദ്ദേഹം വിശദീകരിച്ചു. ഈ 2 മൊഴികളും അംഗീകരിച്ചു‌ള്ള റിപ്പോർട്ടാണ് എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി .ചാക്കോയ്ക്ക് കൈമാറിയത്.