കൊച്ചി: സര്‍ക്കാരിനെതിരെയുള്ള ജനവികാരം പ്രതിഫലിക്കുന്ന ജനവിധിയായിരിക്കും ഉപതിരഞ്ഞെടുപ്പിന്റേതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് നല്ല ലീഡ് കിട്ടുമെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നിയമം നടപ്പാക്കുന്നത് പക്ഷപാതപരമായാണെന്നും കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തെ മുന്‍നിര്‍ത്തി കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
ജമാഅത്തെ ഇസ്ലാമിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ പരാമര്‍ശത്തെയും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. ‘നിയമം നടപ്പാക്കുന്നത് പക്ഷപാതപരമായമാണ്. കണ്ണൂര്‍ ഉദാഹരണമാണ്. എഡിഎം പാര്‍ട്ടി അനുഭാവിയായിട്ടു പോലും കാര്യമില്ല. ഓരോ സമയത്തും സിപിഐഎം ഓരോ കാര്‍ഡ് ഇറക്കും. ജമാഅത്തെ ഇസ്ലാമി സ്വാഭാവിക പങ്കാളി എന്നാണ് സിപിഎം ഇതുവരെ പറഞ്ഞത്. ഇപ്പോള്‍ നിലപാട് മാറ്റിയാല്‍ ജനം വിശ്വസിക്കുമോ’, കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സമസ്ത-ലീഗ് പ്രശ്നം കാര്യമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സമസ്ത വിഷയത്തില്‍ പ്രതികരിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മുനമ്പം വഖഫ് ലാന്‍ഡ് വിഷയത്തില്‍ സര്‍ക്കാര്‍ പ്രശ്ന പരിഹാരത്തിന് ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൂര്‍ണമായും ഒത്തുതീര്‍പ്പ് ശ്രമങ്ങളുമായി സഹകരിക്കുമെന്നും വഖഫ് ബില്ല് ചര്‍ച്ചയാകുന്ന സമയത്ത് മനപൂര്‍വം പ്രശ്നങ്ങളുമായി വരാനുള്ള ശ്രമങ്ങള്‍ ചെറുത്ത് തോല്‍പ്പിക്കണമെന്നും പി കെ കുഞ്ഞാലിക്കുട്ടി ആഹ്വാനം ചെയ്തു.
Add Comment