തിരുവനന്തപുരം: കൊവിഡ് കാലത്ത് പിപിഇ കിറ്റിൽ ക്രമക്കേട് നടന്നുവെന്ന സി എ ജി റിപ്പോർട്ട് തളളി ആരോഗ്യമന്ത്രി വീണാ ജോർജ്. കൊവിഡ് കാലത്ത് മനുഷ്യ ജീവൻ രക്ഷിക്കാൻ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ട്. ആരും ശ്വാസം മുട്ടി മരിച്ചിട്ടില്ലെന്നും സർക്കാർ ആശുപത്രികളിലൂടെ കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകിയിട്ടില്ലെന്നും വീണാ ജോർജ് സഭയിൽ പ്രതിപക്ഷത്തിന് മറുപടി നൽകി.
രണ്ട് തവണ കൊവിഡ് രോഗം വ്യാപിച്ചപ്പോഴും ഫലപ്രദമായാണ് കേരളം നേരിട്ടതെന്നും മന്ത്രി പറഞ്ഞു. ‘വെന്റിലേറ്റർ സഹായം ലഭിക്കാതെ കേരളത്തിൽ ആരുടേയും ജീവൻ നഷ്ടമായിട്ടില്ല. കൊവിഡ് കാലത്ത് ആരും ശ്വാസം മുട്ടി മരിച്ചിട്ടില്ല. നമ്മുടെ പുഴകളിലൂടെ മൃതദേഹങ്ങൾ ഒഴുകിനടന്നിട്ടില്ല, പിപിഇ കിറ്റ് ഇട്ടായിരുന്നു അന്ന് മൃതദേഹങ്ങൾ സംസ്കരിച്ചിരുന്നത്. കൊവിഡ് കാലത്ത് വിദേശത്ത് നിന്നുപോലും ആളുകൾ ചികിത്സയ്ക്കായി കേരളത്തിലേക്ക് വന്നിരുന്നു’, വീണാ ജോർജ് സഭയിൽ പറഞ്ഞു.
രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനമാണ് കേരളം. ഒമ്പത് ശതമാനം മാത്രമാണ് അതിൽ കേന്ദ്ര സഹായമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഗുണമേന്മ ഉറപ്പുവരുത്തിയാണ് മരുന്നുകൾ വാങ്ങുന്നത്. കേന്ദ്ര ഡ്രഗ്സ് കൺട്രോൾ അനുവദിച്ച മരുന്ന് മാത്രമാണ് കേരളത്തിൽ വിൽക്കുന്നതെന്നും മന്ത്രി സഭയിൽ അറിയിച്ചു.
സിഎജി റിപ്പോർട്ട് അന്തിമമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സഭയിൽ പറഞ്ഞു. യുഡിഎഫ് കാലത്ത് ആരോഗ്യ രംഗം വെന്റിലേറ്ററിലായിരുന്നുവെന്നും പ്രതിപക്ഷ നേതാവിന് മറുപടിയായി പരിഹസിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. പിപിഇ കിറ്റ് ആരോപണം സിഎജി ശെരിവച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഭയിൽ ഉന്നയിച്ചിരുന്നു.
പിപിഇ കിറ്റ് ഇടപാടിൽ ക്രമക്കേട് നടന്നെന്ന സിഎജി റിപ്പോർട്ട് താൻ കണ്ടില്ലെന്ന് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ പ്രതികരണം. സിഎജി റിപ്പോർട്ട് എന്ന് ഇടക്കിടക്ക് പറഞ്ഞുകൊണ്ടിരിക്കേണ്ട കാര്യമില്ല. ലോകായുക്തക്ക് മുന്നിൽ പരാതി നൽകിയപ്പോൾ മുഖ്യമന്ത്രി തന്നെ മറുപടി നൽകിയിട്ടുണ്ട്. പിപിഇ കിറ്റിന് വില വർധിച്ച സാഹചര്യത്തിൽ ഉയർന്ന തുക നൽകി കിറ്റ് വാങ്ങേണ്ടി വന്നിട്ടുണ്ട്. ഓർഡർ ചെയ്ത മുഴുവന്‍ കിറ്റും ആ സമയത്ത് ലഭിച്ചിരുന്നില്ലെന്നും കെ കെ ശൈലജ പറഞ്ഞിരുന്നു.
കൊവിഡ് കാലത്ത് നടന്ന പിപിഇ കിറ്റ് ഇടപാടിൽ ക്രമക്കേട് നടന്നെന്നാണ് സിഎജി റിപ്പോർട്ട് വ്യക്തമാക്കുന്നത്. ക്രമക്കേടുകൾ അക്കമിട്ട് നിരത്തിയാണ് റിപ്പോർട്ട്. ഈ ഇടപാടിന്റെ ഭാഗമായി സർക്കാരിന് 10.23 കോടി രൂപ അധിക ബാധ്യതയുണ്ടായെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു. പിപിഇ കിറ്റിന് പൊതുവിപണിയേക്കാൾ 300 ഇരട്ടി പണം നൽകി. 2020 മാർച്ച് 28-ന് 550 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങി. മാർച്ച് 30-ന് 1550 രൂപയ്ക്ക് മറ്റൊരു കമ്പനിയിൽ നിന്ന് പിപിഇ കിറ്റ് വാങ്ങി. രണ്ട് ദിവസത്തിൽ പിപിഇ കിറ്റിന്റെ വില 1000 രൂപ കൂടിയെന്നും റിപ്പോർട്ടിൽ പറയുന്നു. കുറഞ്ഞ തുകയ്ക്ക് പിപിഇ കിറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞു. സാൻ ഫാർമ കമ്പനിയ്ക്ക് പണം മുൻകൂറായി നൽകിയെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്.
Add Comment