Kerala

നടൻ ബൈജു ഓടിച്ച കാർ സ്കൂട്ടറിലിടിച്ച് അപകടം

തിരുവനന്തപുരം: സിനിമ നടൻ ബൈജു, മദ്യലഹരിയിൽ അമിത വേഗതയിൽ കാറോടിച്ച് സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. ഇന്നലെ അർധരാത്രി തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനിലാണ് സംഭവം നടന്നത്.

യാത്രക്കാരന് കാര്യമായ പരിക്കില്ല. ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ബൈജു വൈദ്യപരിശോധനക്ക് രക്ത സാമ്പിൾ കൊടുക്കാൻ തയ്യാറായില്ല. തുടർന്ന് മദ്യത്തിൻറെ ഗന്ധമുണ്ടെന്നും പരിശോധനക്ക് തയ്യാറായില്ലെന്നും ഡോക്ടർ പോലീസിന് മെഡിക്കൽ റിപ്പോർട്ട് എഴുതി നൽകി. തനിക്ക് പരാതിയില്ലെന്നാണ് അപകടത്തിൽപ്പെട്ട സ്കൂട്ടർ യാത്രക്കാരൻ പോലീസിനെ അറിയിച്ചത്.

മദ്യപിച്ച് അമിത വേഗതയിൽ കാറോടിച്ചതിന് മ്യൂസിയം പൊലീസ് ബൈജുവിനെതിരെ കേസെടുത്തു. മ്യൂസിയം സ്റ്റേഷനിൽ എത്തിച്ചപ്പോൾ ബൈജുവിനെ ബ്രെത് അനലൈസർ പരിശോധനക്ക് വിധേയനാകിയിരുന്നു. ഇതു പോസിറ്റീവ് ആയതോടെയാണ് നടനെ ആശുപത്രിയിൽ എത്തിച്ചത്. ഈ പരിശോധനക്ക് നിയമപരമായ പിൻബലം ഇല്ല. എന്നാൽ വൈദ്യപരിശോധനക്ക് തയ്യാറായില്ലെന്നും മണം ഉണ്ടെന്നുളള ഡോക്ടറുടെ സർട്ടിഫിക്കേറ്റ് മതിയെന്നുമാണ് സിഐ അറിയിക്കുന്നത്.