തിരുവനന്തപുരം: കേരളത്തെ മിനി പാകിസ്താന്‍ എന്ന് വിശേഷിപ്പിച്ച മഹാരാഷ്ട്ര മന്ത്രി നിതീഷ് റാണെയ്‌ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിയുടെ പ്രസ്താവന അത്യന്തം പ്രകോപനപരവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംഘപരിവാറിന് കേരളത്തോടുള്ള അടിസ്ഥാന സമീപനമാണ് മഹാരാഷ്ട്ര മന്ത്രിയുടെ വാക്കുകളില്‍ വെളിപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തങ്ങള്‍ക്ക് സ്വാധീനമുറപ്പിക്കാന്‍ പ്രയാസമുള്ള ഭൂപ്രദേശത്തെ അപരവത്കരിച്ചും വിദ്വേഷ പ്രചാരണങ്ങള്‍ നടത്തിയും ഒറ്റപ്പെടുത്തിക്കളയാമെന്നാണ് സംഘപരിവാര്‍ കരുതുന്നത്. അതിനെ പിന്‍പറ്റിയാണ് ഇത്തരം പ്രസ്താവനകള്‍ വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്വേഷ പ്രസ്താവന നടത്തിയ മന്ത്രി ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല. രാജ്യത്തിന്റെ ഭരണഘടനയെ അവഹേളിക്കുംവിധം ഗുരുതരമായ സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രിയുടെ നടപടിയോട് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതൃത്വം പ്രതികരിക്കാത്തത് ആശ്ചര്യകരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമായിരുന്നു മഹാരാഷ്ട്ര മന്ത്രി നിതീഷ് റാണെയുടെ വിദ്വേഷപരമായ പരാമര്‍ശം. കേരളം മിനി പാകിസ്താന്‍ ആയതുകൊണ്ടാണ് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിജയിച്ചതെന്നായിരുന്നു നിതീഷ് റാണെ പറഞ്ഞത്. കേരളത്തില്‍ ന്യൂനപക്ഷ വോട്ടിന്റെ ബലത്തിലാണ് രാഹുലും പ്രിയങ്കയും വിജയിച്ചതെന്നും നിതീഷ് റാണെ പറഞ്ഞിരുന്നു. നിരന്തരം വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നതില്‍ കുപ്രസിദ്ധനാണ് റാണെ. അദ്ദേഹം പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ പ്രകോപന പ്രസ്താവന നടത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് മഹാരാഷ്ട്ര പൊലീസ് പരിപാടിയുടെ സംഘാടകരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് വകവെയ്ക്കാതെയാണ് കേരളത്തിനെതിരെ നിതീഷ് റാണെ വിദ്വേഷ പരാമര്‍ശം നടത്തിയത്.
Add Comment