പത്ത് വര്‍ഷത്തിലേറെയായി ചെന്നൈയിലെ ഈ ദമ്പതികളുടെ ദിവസങ്ങള്‍ ആരംഭിക്കുന്നത് തത്തകളുടെ കലപില ശബ്ദം കേട്ടാണ്. ദിവസവും 6000 തത്തകളാണ് ഇവരുടെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ എത്തുന്നത്. അതും വീടിന്റെ ടെറസില്‍. ചെന്നൈ സ്വദേശിയായ സുദര്‍ശന്‍ സാഹയും ഭാര്യ വിദ്യയുമാണ് സ്വന്തം മക്കളെപ്പോലെ തത്തകളെ സംരക്ഷിക്കുന്ന ആ ദമ്പതികള്‍.
ഇത് കേള്‍ക്കുമ്പോള്‍ എന്താണിതിന് പിന്നിലെ കാരണമെന്നും ഇത്രയും തത്തകള്‍ അവിടെ എത്തിയത് എങ്ങനെയാണെന്നുമൊക്കെ പലർക്കും സംശയം തോന്നാം. സുദര്‍ശനും വിദ്യയും രാവിലെ 4.30 ന് അലാറം കേട്ട് എഴുന്നേറ്റാലുടന്‍ ആദ്യം 60 കിലോ അരി കുതിര്‍ക്കാന്‍ വെള്ളത്തിലിടുകയാണ് ചെയ്യുന്നത്.
അരിക്ക് പുറമേ ദിവസവും നാല് കിലോയോളം കടലയും വെള്ളത്തിലിട്ട് കുതിര്‍ക്കും. കൃത്യം 6.30 ആകുമ്പോഴേക്കും അരിയും കടലയും ഒക്കെ ടെറസില്‍ പക്ഷികള്‍ക്ക് കഴിയ്ക്കാന്‍ പാകത്തില്‍ വിളമ്പി തയ്യാറാക്കി വയ്ക്കും. അധികം വൈകാതെ തന്നെ തത്തകള്‍ എത്തുകയും അര മണിക്കൂറിനുള്ളില്‍ ഭക്ഷണം കഴിച്ച് തിരികെ പോവുകയും ചെയ്യും. എന്താണ് ഇങ്ങനെ ഒരു കാര്യം ചെയ്യാന്‍ പ്രചോദനമായതെന്ന് ചോദിച്ചാല്‍ സുദര്‍ശന്‍ തന്റെ ബാല്യകാല ഓര്‍മകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകും.
സുദര്‍ശന്‍ വളര്‍ന്ന വീടും പരിസരവും കുരുവികളാല്‍ നിറഞ്ഞതായിരുന്നുവത്രേ. വീട് പുതുക്കി പണിതതോടെ പക്ഷികളെല്ലാം പറന്നുപോയെന്നും ഇനി അവയൊന്നും തിരിച്ച് വരില്ലെന്ന് വിചാരിച്ചിരുന്നുവെന്നും അദ്ദേഹം ഓര്‍ത്തെടുത്തു. പിന്നീട് വീടുപണി പൂര്‍ത്തിയായപ്പോള്‍ ടെറസിലേക്ക് ചില തത്തകള്‍ ഇടയ്ക്കിടെ വരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇവയ്ക്ക് ഭക്ഷണം കൊടുക്കാന്‍ തുടങ്ങിയതെന്നും സുദർശന്‍ പറയുന്നു.
ഈ ദമ്പതികളുടെ കഥ സോഷ്യല്‍ മീഡിയയിലൂടെ പലരും അറിയുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തതോടെ തമിഴ് ചിത്രമായ മെയ്യഴഗന്‍ എന്ന ചിത്രത്തില്‍ ഒരു സീനില്‍ ടെറസില്‍ തത്തകള്‍ക്ക് ഭക്ഷണം നല്‍കുന്നന്ന രംഗം ചിത്രീകരിച്ചിട്ടുണ്ട്. സുദര്‍ശന്റെ ടെറസില്‍ 6,000 തത്തകള്‍ ഭക്ഷണം കഴിക്കാന്‍ വരുന്നത് കാണാന്‍ യുഎസില്‍ നിന്നും ജപ്പാനില്‍ നിന്നും വരെ സന്ദര്‍ശകര്‍ എത്തുന്നുണ്ട്. എന്നാല്‍ ഒരു ദിവസം 25 പേര്‍ക്ക് മാത്രമേ ഈ കാഴ്ച കാണാന്‍ പ്രവേശനം അനുവദിച്ചിട്ടുള്ളൂ.
60 കിലോ അരി അടക്കം തത്തകള്‍ക്കായുള്ള ഭക്ഷണം ഒരു ദിവസം പോലും മുടങ്ങാതെ നല്‍കാൻ തങ്ങളുടെ കൈയിലെ പണം ചെലവാകുന്നതില്‍ ദമ്പതികള്‍ക്ക് ഒരു മടിയും പരാതിയും ഇല്ല. സന്ദര്‍ശകര്‍ വരുമ്പോള്‍ അവരില്‍ ചിലര്‍ തത്തകള്‍ക്ക് അരിയും കടലയുമൊക്കെ കൊണ്ടുവരാറുമുണ്ട്. തത്തകള്‍ക്ക് പുറമേ ദമ്പതികള്‍ക്ക് ആടുകളും പൂച്ചകളും നായകളുമടക്കമുള്ള മറ്റ് നിരവധി വളർത്തുമൃഗങ്ങളുമുണ്ട്.
Add Comment