Kerala

സര്‍ക്കാര്‍ ശമ്പളം പറ്റുന്നവര്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നത് തെറ്റായ കാര്യമെന്ന് ധനമന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ ശമ്പളം പറ്റുന്നവര്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നത് തെറ്റായ കാര്യമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. 1,400 പേര്‍ ഇത്തരത്തില്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നതായാണ് ഫയല്‍ വന്നിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കൃത്യമായി അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കാന്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയെന്നും ധനമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാത്രമല്ല, സാമ്പത്തികമായി ഉയര്‍ന്നു നില്‍ക്കുന്നവരും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരുടെ കൂട്ടത്തിലുണ്ട്. അര്‍ഹരായ നിരവധി പേരെയാണ് ഇത് ബാധിക്കുന്നത്. അനര്‍ഹമായി പെന്‍ഷന്‍ വാങ്ങുന്നവര്‍ സ്വയം ചിന്തിക്കണമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, സാമൂഹ്യ ക്ഷേമ പെന്‍ഷനിലെ തട്ടിപ്പ് ധനവകുപ്പ് തന്നെയാണ് കണ്ടെത്തിയതെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. കര്‍ശന നടപടി എടുക്കണം എന്നാണ് നിര്‍ദേശം. ആനുകൂല്യം നേടുന്ന ആളുകളെ ഒഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും കൊടുത്ത പണം തിരികെ പിടിക്കുമെന്നും കെ രാജന്‍ വ്യക്തമാക്കി.

സംസ്ഥാനത്തെ 1458 സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നതായാണ് കണ്ടെത്തല്‍. ഗസറ്റഡ് ഉദ്യോഗസ്ഥര്‍ അടക്കമാണ് പെന്‍ഷന്‍ കൈപ്പറ്റുന്നത്. ധനവകുപ്പിന്റെ നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരില്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍മാരും ഉള്‍പ്പെടുന്നു. രണ്ട് അസിസ്റ്റന്റ് പ്രൊഫസര്‍മാരില്‍ ഒരാള്‍ തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ കോളേജിലാണ് ജോലി ചെയ്യുന്നത്. മറ്റൊരാള്‍ പാലക്കാട് ജില്ലയിലെ സര്‍ക്കാര്‍ കോളേജിലാണ്. ആരോഗ്യ വകുപ്പില്‍ 373 പേരാണ് അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നത്.

About the author

KeralaNews Reporter

Add Comment

Click here to post a comment