Pravasam UAE

മികച്ച കേഡറ്റിനുള്ള സ്വോർഡ് ഓഫ് ഓണർ പുരസ്കാരം സ്വന്തമാക്കി ദുബായ് ഭരണാധികാരിയുടെ ചെറുമകന്‍

ദുബായ്: യുകെയിലെ പ്രശസ്തമായ റോയൽ മിലിട്ടറി അക്കാദമി സാൻഡ്ഹർസ്റ്റിൽ നിന്ന് മികച്ച ബിരുദം നേടി ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ ചെറുമകൻ. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് യുകെയിലെ റോയല്‍ മിലിട്ടറി അക്കാദമിയിൽ നിന്ന് ബിരുദം നേടിയത്. അക്കാദമിയുടെ കമ്മീഷനിങ് കോഴ്സ് 241ലെ മികച്ച കേഡറ്റിനുള്ള സ്വോർഡ് ഓഫ് ഓണർ പുരസ്കാരമാണ് ഷെയ്ഖ് മുഹമ്മദ് സ്വന്തമാക്കിയിരിക്കുന്നത്.

ഷെയ്ഖ് മുഹമ്മദിന്റെ നേട്ടത്തിൽ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും കിരീടവകാശി ഷെയ്ഖ് ഹംദാനും അഭിമാനവും സന്തോഷവും പങ്കുവെച്ചു. അനന്തരവൻ്റെ ബിരുദദാന ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ഷെയ്ഖ് ഹംദാൻ യുകെയിൽ നേരിട്ടെത്തിയിരുന്നു. ചടങ്ങിൽ സംബന്ധിക്കാനെത്തിയ ഷെയ്ഖ് ഹംദാൻ അക്കാദമിയിലെ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ചടങ്ങിൻ്റെ വീഡിയോയും ചിത്രങ്ങളും ഒപ്പം ഒരു അടിക്കുറിപ്പും ഷെയ്ഖ് ഹംദാൻ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിരുന്നു.

‘ഇന്ന്, യുകെയിലെ റോയൽ മിലിട്ടറി അക്കാദമിയായ സാൻഡ്‌ഹർസ്റ്റിൽ നിന്ന് മുഹമ്മദ് ബിൻ റാഷിദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ ബിരുദദാന ചടങ്ങിൽ ഞാൻ പങ്കെടുത്തു.

മികച്ച അന്താരാഷ്‌ട്ര കേഡറ്റിനുള്ള ഇൻ്റർനാഷണൽ വാൾ പുരസ്കാരമായി ലഭിച്ച മുഹമ്മദിനെ ഓർത്ത് നാമെല്ലാവരും അഭിമാനിക്കുന്നു. സൈനിക, അക്കാദമിക്, പ്രായോഗിക പഠനങ്ങളിലെ മികച്ച ഫലങ്ങൾക്കുള്ള അന്താരാഷ്ട്ര അവാർഡാണ് സ്വന്തമാക്കിയത്. ഒരേസമയം രണ്ട് ബഹുമതികൾ നേടിയ ആദ്യത്തെ എമിറാത്തിയാണ് ഷെയ്ഖ് മുഹമ്മദ്. ഈ ശ്രദ്ധേയമായ നേട്ടങ്ങൾക്ക് അദ്ദേഹത്തെ അഭിനന്ദിക്കുന്നു.

അക്കാദമിയിൽ വെച്ച് ഞാൻ എമിറാത്തി വിദ്യാർത്ഥികളുമായും കൂടിക്കാഴ്ച നടത്തി. നമ്മുടെ യുവാക്കൾ അവരുടെ രാജ്യത്തിനും കുടുംബത്തിനും അഭിമാനം പകരുന്നത് തുടരട്ടെ. അവർ തഴച്ചുവളരുകയും നമ്മുടെ മാതൃരാജ്യത്തിന് കൂടുതൽ വിജയം നൽകുകയും ചെയ്യട്ടെ’, ഷെയ്ഖ് ഹംദാൻ കുറിച്ചു.

1979 ഏപ്രിലിൽ ആർഎംഎഎസിൽ നിന്ന് യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദും ബിരുദം നേടിയിരുന്നു. അക്കാദമിക്, ഹെലികോപ്റ്റര്‍ പറപ്പിക്കൽ, പാരാട്രൂപ്പര്‍ കഴിവുകള്‍ എന്നിവയിലായിരുന്നു അന്ന് ഷെയ്ഖ് മുഹമ്മദ് പരിശീലനം നേടിയത്.

Tags