കോട്ടയം: ഗാന്ധിനഗര്‍ കോളേജില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ ക്രൂരമായ റാഗിംഗ് നടക്കുമ്പോള്‍ ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റി ഹോസ്റ്റലില്‍ ഉണ്ടായിരുന്നുവെന്ന് വിവരം. വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ വിവരം സെക്യൂരിറ്റിയെ അറിയിച്ചിട്ടും ഇടപെട്ടിരുന്നില്ലെന്നും സൂചന. ക്രൂരത പുറത്തുവന്നതോടെ ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെ നീക്കം ചെയ്തു.
എന്നാല്‍ ഇത്തരത്തില്‍ റാഗിംഗ് നടന്നത് അറിഞ്ഞില്ലെന്നും ഇരയായ കുട്ടികള്‍ നിലവിളിക്കുന്നതു കേട്ടില്ലെന്നുമാണ് ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റി മൊഴി നല്‍കിയത്. ഇതില്‍ പൊലീസിന് സംശയം ഉണ്ട്. എംഎസ്സി നഴ്സിംഗ് വിദ്യാര്‍ത്ഥികളും താമസിക്കുന്ന ഹോസ്റ്റലില്‍ അസ്വാഭാവികമായി ഒന്നും നടന്നതായി അറിയില്ലെന്നാണ് അവരും പൊലീസിനോട് പറഞ്ഞത്. വിദ്യാര്‍ത്ഥികളുടെ മൊഴിയെടുക്കുന്നത് തുടരും.
മൂന്ന് മാസത്തിലേറെ നീണ്ട അതിക്രൂരമായ റാഗിംഗാണ് ഗാന്ധിനഗര്‍ നഴ്സിംഗ് കോളേജില്‍ നടന്നത്. ഫെബ്രുവരി 9നും സമാന രീതിയില്‍ റാഗിംഗ് നടന്നിരുന്നതായാണ് റിപ്പോര്‍ട്ട്. കേസില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ സാമുവല്‍ ജോണ്‍, രാഹുല്‍ രാജ്, റിജില്‍, വിവേക്, ജീവ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. റാഗിംഗ് നിരോധന നിയമപ്രകാരവും ഭാരതീയ ന്യായ സംഹിത 118, 308, 350 എന്നീ വകുപ്പുകള്‍ പ്രകാരവുമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ആവശ്യമെങ്കില്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. കേസെടുത്തതിന് പിന്നാലെ വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.
Add Comment