Sports

ഇന്ത്യ-പാക് ആവേശപ്പോരാട്ടം ആരാധകര്‍ക്കൊപ്പമിരുന്ന് കാണണം, വിഐപിഎ സീറ്റ് വേണ്ട; മൊഹ്സിന്‍ നഖ്‌വി

ഏറെ വിവാദങ്ങൾക്കൊടുവിൽ ചാംപ്യൻസ് ട്രോഫി 2025 നാളെ ആരംഭിക്കുകയാണ്. ന്യൂസിലാൻഡും പാകിസ്താനും ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുമ്പോൾ ഇന്ത്യയുടെ ആദ്യ മത്സരം മറ്റന്നാൾ ബംഗ്ലാദേശുമായാണ്. ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഏവരും കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം ഫെബ്രുവരി 20 നാണ്. ഇരു ടീമുകളും തമ്മിലുണ്ടായ വിവാദങ്ങൾ മത്സരത്തിന്റെ ആവേശവും വർധിപ്പിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യ-പാകിസ്താൻ ആവേശപ്പോരാട്ടം ആരാധകര്‍ക്കൊപ്പമിരുന്ന് കാണാന്‍ തനിക്ക് അനുവദിച്ച 30 വിഐപിഎ ഹോസ്പിറ്റാലിറ്റി സീറ്റുകള്‍ വേണ്ടെന്നുവെച്ചിരിക്കുയാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയർമാന്‍ മൊഹ്സിന്‍ നഖ്‌വി. നാല് ലക്ഷം യുഎഇ ദിര്‍ഹം വിലയുള്ള ഹോസ്പിറ്റാലിറ്റി സീറ്റുകളുടെ തുക പാക് ക്രിക്കറ്റ് ബോര്‍ഡിന് നല്‍കാനും നഖ്‌‌വി തീരുമാനിച്ചു. തനിക്കും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമായി അനുവദിച്ച മുപ്പതോളം സീറ്റുകളാണ് നഖ്‌വി വേണ്ടെന്നുവെച്ചത്. ഗ്യാലറിയില്‍ ആരാധകര്‍ക്കൊപ്പമിരുന്ന് കളി കാണുന്നതിന്‍റെ അനുഭവം അറിയാനാണ് ഇതെന്നാണ് നഖ്‌വിയുടെ നിലപാട്.

പാകിസ്ഥാനില്‍ കളിക്കാനില്ലെന്ന ഇന്ത്യൻ നിലപാടിനെത്തുടര്‍ന്നാണ് ഇന്ത്യയുടെ മത്സരങ്ങള്‍ ഹൈബ്രിഡ് മോഡലില്‍ ദുബായില്‍ നടത്താന്‍ തീരുമാനിച്ചത്. 25000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയത്തിലെ ഞായറാഴ്ച നടക്കുന്ന ഇന്ത്യ-പാകിസ്താന്‍ മത്സരത്തിനുള്ള ടിക്കറ്റുകള്‍ നേരത്തെ വിറ്റുപോയിരുന്നു. മത്സരത്തിനായി അധികം ടിക്കറ്റുകൾ അനുവദിച്ചെങ്കിലും അതും മണിക്കൂറുകള്‍ക്കകം വിറ്റുപോയി. അതിനിടയിൽ ജഴ്‌സി വിവാദവും പാകിസ്താൻ പതാക വിവാദവും മത്സരത്തിന്റെ ആവേശം ഉയർത്തിയിട്ടുണ്ട്.