Kerala

യുഡിഎഫ് കാലത്ത് സീപ്ലെയിന്‍ പദ്ധതിയെ എതിര്‍ത്തവരാണ് എല്‍ഡിഎഫ്; കെ മുരളീധരന്‍

പാലക്കാട്: യുഡിഎഫ് കാലത്ത് സീപ്ലെയിന്‍ പദ്ധതിയെ എല്‍ഡിഎഫ് എതിര്‍ത്തുവെന്നും ആ പദ്ധതിയാണ് ഇപ്പോള്‍ പൊടിതട്ടി എടുത്തതെന്നും വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പദ്ധതി തടസ്സപ്പെടുത്താന്‍ സമരം ചെയ്തവര്‍ ഇന്ന് ചിത്രത്തില്‍ ഇല്ലെന്നും മുരളീധരന്‍ പറഞ്ഞു. തടസ്സപ്പെടുത്തിയവര്‍ നടപ്പാക്കിയിട്ട് തങ്ങളാണ് കൊണ്ടുവന്നതെന്ന് പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതി പതിനൊന്നു വര്‍ഷം മുമ്പ് വരേണ്ടതായിരുന്നു. സീ പ്ലെയിന്‍ പദ്ധതി ഇത്രയും വൈകിപ്പിച്ചതിന് മുഖ്യമന്ത്രി ക്ഷമ പറയണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു.

രാഷ്ട്രീയത്തിന്റെ കണ്ണില്‍ വികസനത്തെ കാണുന്നില്ല. യുഡിഎഫ് ഭരിക്കുമ്പോള്‍ ഒരു നയവും എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ മറ്റൊരു നയവും ശരിയല്ല എന്നാണ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. ചേലക്കര പരമ്പരാഗത എല്‍ഡിഎഫ് സീറ്റ് അല്ലെന്നും തിരിച്ചുപിടിക്കുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ‘ചേലക്കര യുഡിഎഫ് തിരിച്ചു പിടിക്കും. നവീന്റെ മരണത്തില്‍ പത്തനംതിട്ടയിലെ സിപിഐഎം പ്രവര്‍ത്തകര്‍ വിഷമത്തിലാണ്. സിപിഐഎം നിലപാടിലുള്ള രോഷപ്രകടനമാണ് രാഹുലിന് വേണ്ടിയുള്ള പോസ്റ്റ്. പത്തനംതിട്ടയിലെ സിപിഐഎം പ്രവര്‍ത്തകരുടെ വികാരമാണ് പ്രകടമായത്. പാര്‍ട്ടി അന്വേഷണം നടത്തിയിട്ട് കാര്യമില്ല’, മുരളീധരന്‍ പറഞ്ഞു.

പാലക്കാടില്‍ ബിജെപി വെല്ലുവിളി അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്റെ ശത്രുക്കള്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണെന്നും മുരളീധരന്‍ പറയുന്നു. ‘എല്‍ഡിഎഫ് – യുഡിഎഫും തമ്മിലുള്ള മത്സരമാണ് ആഗ്രഹിക്കുന്നത്. ബിജെപിക്ക് വോട്ട് ചെയ്യുന്നവര്‍ മാറി ചിന്തിക്കും. മിടുക്കന്‍ ആയതു കൊണ്ടാണ് ഒറ്റപ്പാലത്ത് സരിനിനെ മത്സരിപ്പിച്ചത്. സരിന്‍ കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നെങ്കില്‍ ഒറ്റപ്പാലത്ത് വീണ്ടും മത്സരിപ്പിക്കുമായിരുന്നു’, അദ്ദേഹം പറഞ്ഞു.

പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് മാറാതിരുന്നെങ്കില്‍ വടകരയില്‍ ജയിക്കുമായിരുന്നുവെന്നും താന്‍ എംപി ആകുമായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. പത്മജക്ക് പാര്‍ട്ടിയില്‍ സ്ഥാനം ഉണ്ടാകുമായിരുന്നു. പാര്‍ട്ടി വിട്ടതുകൊണ്ടാണ് താന്‍ തൃശ്ശൂരില്‍ മത്സരിക്കേണ്ടി വന്നത്. ഇനി ഈ കാര്യങ്ങള്‍ പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരിലെ പരാജയത്തില്‍ പാര്‍ട്ടി കമ്മീഷന്റെ റിപ്പോര്‍ട്ട് ഉണ്ടെന്നും 23ന് ശേഷം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് മുനമ്പത്തെ ജനങ്ങളോട് അല്ല താല്‍പര്യമെന്നും വഖഫ് ബോര്‍ഡിനെ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. സുരേഷ് ഗോപി പറയുന്നത് പ്രാധാന്യം നല്‍കേണ്ടതില്ല. ഒറ്റക്കൊമ്പനു വേണ്ടിയാണ് സുരേഷ് ഗോപി താടിവെച്ചത്. ഇരട്ടക്കൊമ്പന്‍ ആകേണ്ടതില്ലെന്ന് മോദി പറഞ്ഞു. എത്രയും പെട്ടെന്ന് മുനമ്പം വിഷയം ഒത്തുതീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.