Kerala

രണ്ടര വയസ്സു പ്രായമുള്ള കുട്ടിയുടെ ജനനേന്ദ്രീയത്തിൽ മുറിവേല്‍പ്പിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ രണ്ടര വയസ്സു പ്രായമുള്ള കുട്ടിയുടെ ജനനേന്ദ്രീയത്തിൽ മുറിവേല്‍പ്പിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കാണിച്ചത് കണ്ണില്ലാത്ത ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു. കേരളം ഒന്നാകെ അപമാനഭാരത്താല്‍ തലകുനിച്ചു നില്‍ക്കേണ്ട അവസ്ഥയാണ് ഉണ്ടായത്. അതിക്രൂരമായ സംഭവം നടന്നിട്ടും അത് ഒളിപ്പിച്ചു വെച്ചു എന്നത് അതീവ ഗൗരവതരമാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ആയമാരെ സസ്‌പെന്‍ഡ് ചെയ്തതിലൂടെ എല്ലാം അവസാനിച്ചുവെന്ന് സര്‍ക്കാരും ശിശുക്ഷേമ സമിതിയും കരുതരുതെന്നും അദ്ദേഹം വ്യക്തമാക്കി.

കുറ്റകൃത്യം ഒളിപ്പിച്ചുവെച്ചതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സമിതി ജനറല്‍ സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഒഴിഞ്ഞുമാറാനാകില്ല. ഇടതു ഭരണകാലത്ത് സിപിഐഎം നടപ്പാക്കിയ അമിത രാഷ്ട്രീയവത്ക്കരണമാണ് ശിശുക്ഷേമ സമിതിയുടെ ശാപം. ക്രിമിനലുകളുടെ കേന്ദ്രമാക്കി ശിശുക്ഷേമ സമിതിയെ സര്‍ക്കാര്‍ മാറ്റി. ഗുരുതര കുറ്റകൃത്യങ്ങള്‍ ഉണ്ടായിട്ടും കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇത് ഇനിയും അനുവദിച്ചു കൊടുക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം ശിശുക്ഷേമ സമിതിയിലാണ് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചത്. കിടക്കയിൽ മൂത്രമൊഴിച്ചതിൻ്റെ പേരിലാണ് കുട്ടിയുടെ ജനനേന്ദ്രിയത്തിൽ ആയമാർ മുറിവേൽപ്പിച്ചത്. സംഭവത്തിൽ മൂന്ന് ആയമാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അജിത, മഹേശ്വരി, സിന്ധു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് കുഞ്ഞിനെതിരായ കൊടും ക്രൂരത. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപിയുടെ പരാതിയിലാണ് മൂന്ന് ആയമാർക്കെതിരെ നടപടിയെടുത്തത്. തിരുവനന്തപുരം മ്യൂസിയം പൊലിസാണ് മൂവർക്കുമെതിരെ കേസെടുത്തത്. താല്‍ക്കാലിക ജീവനക്കാരാണ് മൂവരും. പോക്സോ വകുപ്പ് ചുമത്തി.

About the author

KeralaNews Reporter

Add Comment

Click here to post a comment