തിരുവനന്തപുരം: കിഫ്ബി പദ്ധതിയിലൂടെ നിര്‍മ്മിക്കുന്ന റോഡുകളില്‍ നിന്നും ടോള്‍ പിരിക്കാനുള്ള തീരുമാനത്തില്‍ പച്ചക്കൊടി കാണിച്ച് ഇടതുമുന്നണി. ചെലവഴിച്ച പണം തിരികെ ലഭിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ടോള്‍ സംബന്ധിച്ച് എല്‍ഡിഎഫില്‍ ഭിന്നതയില്ല. പ്രതിപക്ഷത്തിന് സമരം ചെയ്യാനുള്ള അവകാശം ഉണ്ട്. ആര്‍ക്കും ബദല്‍ സംവിധാനം നിര്‍ദേശിക്കാമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. വികസനം നടത്തണമെങ്കില്‍ ടോള്‍ ഏര്‍പ്പെടുത്തിയേ മതിയാവൂ. ടോള്‍ പിരിവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും മുന്നണി പരിശോധിച്ചുവെന്നും ടി പി രാമകൃഷ്ണ്‍ പറഞ്ഞു.
അതേസമയം കിഫ്ബി റോഡുകളില്‍ ടോള്‍ ഏര്‍പ്പെടുത്തുമെന്ന വാര്‍ത്ത ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിഷേധിച്ചു. കിഫ്ബി റോഡുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്തുന്ന വിഷയത്തില്‍ സര്‍ക്കാര്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് ധനകാര്യ വകുപ്പ് മന്ത്രി വ്യക്തമാക്കിയത്. പരിശോധിച്ചത് സാധ്യത മാത്രമാണെന്നും മന്ത്രി വിശദീകരിച്ചു. എന്നാല്‍ ടോള്‍ പിരിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്.
ടോള്‍ ഈടാക്കാനുള്ള കരട് നിയമത്തില്‍ ടോളിന് പകരം യൂസര്‍ ഫീസ് എന്നാണ് പരാമര്‍ശിക്കുന്നത്. നിയമസഭാ ബജറ്റ് സമ്മേളനത്തില്‍ സര്‍ക്കാര്‍ ബില്ല് കൊണ്ടുവന്നേക്കും. കിഫ്ബി നിര്‍മ്മിച്ച സംസ്ഥാന പാതകളിലൂടെ 15 കിലോമീറ്ററിന് മുകളില്‍ യാത്ര ചെയ്യുന്നവരില്‍ നിന്നായിരിക്കും യൂസര്‍ഫീസ് ഈടാക്കുകയെന്നാണ് കരട് നിയമത്തില്‍ പറയുന്നത്. 50 കോടിക്ക് മുകളില്‍ എസ്റ്റിമേറ്റുള്ള റോഡുകള്‍ക്ക് യൂസര്‍ ഫീ ചുമത്തുമെന്നാണ് കരട് നിയമത്തില്‍ പറയുന്നത്.
Add Comment