Money

ലോകത്തിലെ ഏറ്റവും അഴിമതിയുള്ള രാജ്യങ്ങളുടെ പട്ടിക പുറത്ത്

ലോകത്തിലെ ഏറ്റവും അഴിമതിയുള്ള രാജ്യങ്ങളുടെ പട്ടിക പുറത്ത്. 180 രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും പൊതുമേഖലയിലെ അഴിമതിയുടെ നിലവാരത്തെക്കുറിച്ച് ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ അതിന്റെ 2024 ലെ കറപ്ഷന്‍ പെര്‍സെപ്ഷന്‍ ഇന്‍ഡക്‌സ് (സിപിഐ) പുറത്തിറക്കി. ദക്ഷിണ സുഡാനാണ് ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ രാജ്യമായി ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.

അഴിമതി ഒരു പ്രധാന ആഗോള പ്രശ്‌നമായി തന്നെ തുടരുകയാണെന്നാണ് 2024ലെ സിപിഐ റിപ്പോര്‍ട്ട് പറയുന്നത്. 2012 മുതല്‍ അഴിമതി കുറയ്ക്കുന്നതില്‍ 32 രാജ്യങ്ങള്‍ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, അതേ കാലയളവില്‍ 148 രാജ്യങ്ങള്‍ അഴിമതിയുടെ അളവ് വര്‍ധിച്ചിട്ടുണ്ട്. ആഗോള ശരാശരി സ്‌കോര്‍ 43 ല്‍ തന്നെ തുടരുകയാണ്. മൂന്നില്‍ രണ്ട് രാജ്യങ്ങളും 50ല്‍ താഴെയാണ് സ്‌കോര്‍ നേടിയത്. ഇതിനര്‍ത്ഥം ലോകജനസംഖ്യയുടെ ഏകദേശം 85 ശതമാനം, ഏകദേശം 6.8 ബില്യണ്‍ ആളുകളെ അഴിമതി ബാധിക്കുന്നുണ്ടെന്നാണ്. പട്ടിക പ്രകാരം, ഇന്ത്യയുടെ സ്ഥാനം 96 ആണ്. 2023 ല്‍ 93ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 2024-ല്‍ ഇന്ത്യയുടെ മൊത്തത്തിലുള്ള സ്‌കോര്‍ 38 ആയിരുന്നു, 2023-ല്‍ 39 ഉം 2022-ല്‍ 40 ഉം ആയിരുന്നു.

ഏറ്റവും കുറഞ്ഞ അഴിമതിയുള്ള രാഷ്ട്രങ്ങള്‍

തുടര്‍ച്ചയായ ഏഴാം വര്‍ഷവും, സിപിഐയില്‍ 90 സ്‌കോറുമായി ഡെന്‍മാര്‍ക്ക് മുന്നിലാണ്, ഫിന്‍ലാന്‍ഡ് (88), സിംഗപ്പൂര്‍ (84) എന്നിവ തൊട്ടുപിന്നിലുണ്ട്, അതേസമയം ന്യൂസിലാന്‍ഡ് (83), ലക്‌സംബര്‍ഗ് (81), നോര്‍വേ (81), സ്വിറ്റ്സര്‍ലന്‍ഡ് (81), സ്വീഡന്‍ (80), നെതര്‍ലാന്‍ഡ്സ് (78), ഓസ്ട്രേലിയ (77) എന്നിവയും അഴിമതി കുറഞ്ഞ ആദ്യ 10 രാജ്യങ്ങളില്‍ ഇടം നേടി.

ഏറ്റവും അഴിമതി നിറഞ്ഞ രാഷ്ട്രങ്ങള്‍

മറുവശത്ത്, വെറും 8 പോയിന്റുകള്‍ മാത്രം നേടിയാണ് ദക്ഷിണ സുഡാന്‍ ഏറ്റവും അഴിമതി നിറഞ്ഞ രാജ്യമായി റാങ്ക് ചെയ്യപ്പെട്ടിരിക്കുന്നത്. സൊമാലിയ, വെനസ്വേല, സിറിയ എന്നിവയും അഴിമതിയുടെ കാര്യത്തില്‍ കാര്യമായ വെല്ലുവിളികള്‍ നേരിടുന്നുണ്ട്.