Kerala

തീനാളങ്ങളിൽ ലയിച്ച് അക്ഷര സൂര്യൻ; എം.ടി വാസുദേവൻ നായരുടെ മൃതദേഹം സംസ്കരിച്ചു

പ്രിയപ്പെട്ട എംടിക്ക് സ്നേഹനിർഭരമായ യാത്രാമൊഴി ചൊല്ലി മലയാളം. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.വെെകിട്ട് മൂന്നരയോടെ വീട്ടിൽ ആരംഭിച്ച അന്ത്യകർമ്മങ്ങൾ 4 മണിക്ക് പൂര്‍ത്തിയായി. അഞ്ച് മണിയോടെ മാവൂർ റോഡിലെ സ്മൃതിപഥത്തിൽ സംസ്കാര ചടങ്ങുകൾ പൂർത്തിയായി.

കേരള സമൂഹത്തിന്‍റെ നാനാതുറകളില്‍ നിന്നുളളവര്‍ എംടിയുടെ വീടായ സിതാരയിലെത്തി അന്ത്യാജ്ഞലി അര്‍പ്പിച്ചു. എം ടി വാസുദേവൻ നായരെ കോഴിക്കോട്ടെ വീട്ടിലെത്തി മോഹൻലാൽ അന്ത്യോപചാരം അർപ്പിച്ചു. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് കോഴിക്കോട്ടെ എംടിയുടെ സിത്താര എന്ന വീട്ടിലേക്ക് മോഹൻലാൽ എത്തിയത്.

എനിക്ക് ഏറ്റവും നല്ല കഥാപാത്രങ്ങൾ തന്ന വ്യക്തിയാണ് എംടി വാസുദേവൻ നായർ. ഒരുപാട് തവണ പരസ്പരം കാണുന്നില്ലെങ്കിലും തമ്മിൽ നല്ല സ്നേഹ ബന്ധമുണ്ടായിരുന്നു. ഞാൻ അഭിനയിച്ച നാടകങ്ങൾ കാണാൻ അദ്ദേഹം മുംബൈയിൽ എത്തിയിരുന്നു. തമ്മിൽ വൈകാരികമായ അടുപ്പം ഉണ്ടായിരുന്നു. ഓളവും തീരവുമാണ് അവസാന ചിത്രം. ഇന്ത്യ കണ്ട മികച്ച എഴുത്തുകാരനെയാണ് നഷ്ടമായത് താൻ ആരോഗ്യ വിവരങ്ങൾ ആശുപത്രിയിൽ വിളിച്ചു അന്വേഷിച്ചിരുന്നുവെന്നും മോഹൻലാൽ പറഞ്ഞു.

കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10 മണിയോടെയാണ് എം.ടിയുടെ അന്ത്യം സംഭവിച്ചത്. കിഡ്നിയുടെയും ഹൃദയത്തിൻ്റെയും പ്രവർത്തനം മന്ദഗതിയിലായതോടെ മരണം സംഭവിക്കുകയായിരുന്നു.

ഈ മാസം 15 നാണ് അദ്ദേഹത്തെ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന്  ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  ഇതിനിടയിൽ ഹൃദയാഘാതം ഉണ്ടായി. കഴിഞ്ഞ നാല് ദിവസം ആരോഗ്യനിലയിൽ കാര്യമായ മാറ്റമുണ്ടായിരുന്നില്ല. യന്ത്ര സഹായമില്ലാതെ ശ്വസിക്കാൻ സാധിക്കുമായിരുന്നു.

എം.ടി വാസുദേവൻ നായരുടെ മരണത്തിൽ സംസ്ഥാനത്ത് രണ്ട് ദിവസം ദുഖാചരണം ആചരിക്കും. ഡിസംബർ 26, 27 തീയ്യതികളിൽ ഔദ്യോഗികമായി ദുഖാചരണം ആചരിക്കുന്നതിൻ്റെ ഭാഗമായി എല്ലാ സർക്കാർ പരിപാടികളും മാറ്റിവെച്ചു.  ഇന്ന് ചേരാനിരുന്ന മന്ത്രിസഭായോഗവും മാറ്റിവെച്ചു.

മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നഷ്‌ടമായതെന്നും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി അുശോചിച്ചു.