Lifestyle

‘2025ലെ ഏറ്റവും ഭാഗ്യവാനായ മനുഷ്യന്‍’; ബസുകള്‍ക്കിടയില്‍ കുടുങ്ങി തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവാവ്

നടന്നു വരുന്നതിനിടെ വേഗതയില്‍ പോകുന്ന രണ്ട് ബസുകള്‍ക്ക് ഇടയില്‍ കുടുങ്ങുന്നു, ജീവന്‍ പോലും നഷ്ടമായേക്കാവുന്ന അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷ… സോഷ്യല്‍ മീഡിയ ഈ യുവാവിനെ വിശേഷിപ്പിച്ചത് ‘2025ലെ ഏറ്റവും ഭാഗ്യവാനായ മനുഷ്യന്‍’ എന്നാണ്. തമിഴ്‌നാട് തഞ്ചാവൂരിലെ പാട്ടുക്കോട്ടൈയിലായിരുന്നു സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

ബസില്‍ കയറുന്നതിനായി റോഡിലേക്ക് നടക്കുകയായിരുന്ന യുവാവിന്റെ പിന്നിലൂടെ അപ്രതീക്ഷിതമായി മറ്റൊരു ബസ് വേഗതയില്‍ കടന്നുപോവുകയായിരുന്നു. ബസിന്റെ ഇടതുവശത്ത് കൂടെയാണ് രണ്ടാമത്തെ ബസ് ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചത്. ഇതോടെ രണ്ട് ബസിനും നടുവില്‍ രക്ഷപ്പെടാന്‍ പോലുമാകാതെ യുവാവ് കുടുങ്ങി. തലനാരിഴയ്ക്കാണ് യുവാവ് വന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കാര്യമായ പരിക്കൊന്നുമേല്‍ക്കാതെയുള്ള യുവാവിന്റെ രക്ഷപ്പെടല്‍ അത്ഭുതമെന്നാണ് സോഷ്യല്‍ മീഡിയ വിശേഷിപ്പിച്ചത്.

നിരവധി പേരാണ് യുവാവിന്റെ രക്ഷപ്പെടലില്‍ പ്രതികരണവുമായി എത്തുന്നത്. ലൈഫ് ലൈന്‍ സബ്‌സ്‌ക്രിപ്ഷന്‍ ആക്ടിവേറ്റഡ് എന്നാണ് എക്‌സില്‍ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ ഒരാള്‍ കുറിച്ചത്. ദൈവം രക്ഷിച്ചുവെന്നാണ് ചിലരുടെ കമന്റ്. ബസുകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും, ഇടതുവശത്തു കൂടെ ഓവര്‍ടേക്ക് ചെയ്ത ബസ് ഡ്രൈവറെ പിടികൂടണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.