Lifestyle

ചൈനയിൽ രണ്ട് മാസത്തിനിടെ കണ്ടെത്തിയത് വന്‍ സ്വര്‍ണശേഖരം

കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടയില്‍ ചൈനയില്‍ കണ്ടെത്തിയത് രണ്ട് തവണ വലിയ സ്വര്‍ണ നിക്ഷേപങ്ങളാണ്. ഈ വര്‍ഷം ജനുവരിയില്‍ ഗാന്‍സു, ഇന്നര്‍ മംഗോളിയ, ഹെയ് ലോങ്ജിയാങ് എന്നിവിടങ്ങളില്‍ നിന്നായി 168 ടണ്‍ സ്വര്‍ണശേഖരമാണ് കണ്ടെത്തിയത്. അതിന് മുന്‍പ് 2024 നവംബറില്‍ ഹുനാന്‍ പ്രവിശ്യയില്‍ 6.9 ലക്ഷം കോടി രൂപ അതായത് 1,000 ടണ്‍ ഭീമന്‍ സ്വര്‍ണ നിക്ഷേപമാണ് കണ്ടെത്തിയത്. ഏകദേശം 6,91,473 കോടി രൂപ വിലമതിക്കുന്ന ഈ സ്വര്‍ണനിക്ഷേപം ഇതുവരെ കണ്ടെത്തിയതില്‍വെച്ച് ഏറ്റവും വലിയ സ്വര്‍ണശേഖരമാണെന്നാണ് പറയപ്പെടുന്നത്.

ഈ കണ്ടുപിടുത്തങ്ങള്‍ ചൈനയിലെ സമ്പദ് വ്യവസ്ഥയെ ഗണ്യമായി ഉയര്‍ത്തുമെന്നും ആഗോള സ്വര്‍ണ വിപണിയില്‍ ചൈനയുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുമെന്നുമാണ് അവകാശവാദം. അങ്ങനെ ആകെ 1200 മെട്രിക് ടണ്‍ സ്വര്‍ണശേഖരമാണ് കണ്ടെത്തിയിരിക്കുന്നത്.

മുന്‍പ് ദക്ഷിണാഫ്രിക്കയിലെ സൗത്ത് ഡീപ്പ് മൈനില്‍ 930 മെട്രിക് ടണ്‍ സ്വര്‍ണനിക്ഷേപം കണ്ടെത്തിയതായിരുന്നു ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും വലിയ സ്വര്‍ണനിക്ഷേപം എന്ന റെക്കോര്‍ഡ് നേടിയിരുന്നത്. അതുകൊണ്ടുതന്നെ നിലവിലെ കണ്ടുപിടുത്തത്തോടെ ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉത്പാദക രാജ്യമായി ചൈന സ്വയം പ്രഖ്യാപിക്കുകയും ചെയ്തു.

ഏറ്റവും കൂടുതല്‍ സ്വര്‍ണശേഖരമുള്ള രാജ്യം ഏതാണ്

ഹോര്‍ബസ് റിപ്പോര്‍ട്ട് അനുസരിച്ച് ഏറ്റവും കൂടുതല്‍ സ്വര്‍ണ ശേഖരമുളള ആദ്യ മൂന്ന് രാജ്യങ്ങള്‍ അമേരിക്ക, ജര്‍മനി, ഇറ്റലി എന്നിവയാണ്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് പ്രകാരം 8,133 ടണ്‍ സ്വര്‍ണനിക്ഷേപവുമായി അമേരിക്ക മുന്നിലാണ്. 2,264.32 ടണ്‍ സ്വര്‍ണ നിക്ഷേപവുമായി ചൈന ആറാം സ്ഥാനത്താണ്. എങ്കിലും ലോകത്തിലെ മുന്‍നിര സ്വര്‍ണ ഉല്‍പ്പാദന രാജ്യമെന്ന സ്ഥാനം നിലനിര്‍ത്തിക്കൊണ്ട് ചൈന ആഗോള തലത്തില്‍ സ്വര്‍ണ ഉത്പാദനത്തില്‍ ആധിപത്യം പുലര്‍ത്തുന്നു.