സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യയുടെ AXB 613 വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയതോടെ രാജ്യമാകെ അഭിനന്ദിക്കുന്നത് വിമാനത്തിലെ പൈലറ്റായ ക്യാപ്റ്റൻ ഡാനിയല്‍ പെലിസയെയാണ്.
ഡാനിയല്‍ പെലിസയുടെ മനോധൈര്യവും ആത്മവിശ്വാസവുമാണ് വിമാനത്തിലുണ്ടായിരുന്ന 141 മനുഷ്യരെയും ഒരു പോറല്‍പോലുമില്ലാതെ നിലത്തിറക്കാൻ സഹായിച്ചത്.
ഇന്നലെ വൈകിട്ട് 5.40ന് തിരുച്ചിറപ്പള്ളിയില്‍ നിന്നും ഷാർജയിലേക്ക് തിരിച്ച എയർ ഇന്ത്യ വിമാനത്തിനാണ് സാങ്കേതിക തകരാറുണ്ടായത്. പറന്നുയർന്ന് 10 മിനിറ്റിനുള്ളില്‍ തന്നെ വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിലെ സാങ്കേതിക തകരാർ തിരിച്ചറിഞ്ഞു. നിറച്ചും ഇന്ധനമുള്ളതിനാല്‍ ലാൻഡ് ചെയ്യാനും സാങ്കേതിക തകരാർ മൂലം പറന്ന് മുന്നോട്ടുപോകാനും വയ്യാത്ത അവസ്ഥയായിരുന്നു ഫ്‌ളൈറ്റിന്റേത്. രണ്ടുമണിക്കൂറിലേറെ ട്രിച്ചിയുടെ ആകാശത്ത് വട്ടമിട്ട് പറക്കേണ്ടി വന്നു. കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 141 ജീവനുകളാണ് വിമാനത്തിലുള്ളത്.
ഡാനിയല്‍ പെലിസയുടെ പ്രവർത്തന പരിചയവും സ്‌കിലും ഒന്നുകൊണ്ട് മാത്രമാണ് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സാധിച്ചത്. ഉയരെ സിനിമയിലെ രംഗത്തെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ആശങ്കകള്‍ക്കൊടുവില്‍ വിമാനം ലാൻഡ് ചെയ്തപ്പോള്‍ എയർ പോർട്ടാകെ നിറഞ്ഞ കൈയടിയോടെയാണ് വിമാനത്തെ വരവേറ്റത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യതില്‍ സന്തോഷമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു. പൈലറ്റിനെയും ക്യാബിൻ ക്രൂവിനെയും തമിഴ്‌നാട് മുഖ്യമന്ത്രി അഭിനന്ദിച്ചു. യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ഖേദിക്കുന്നതായി എയർ ഇന്ത്യയും വ്യക്തമാക്കി.
Add Comment