കൊച്ചിയുടെ വികസന സ്വപ്‌നങ്ങള്‍ക്ക് കുതിപ്പേകി നെടുമ്പാശ്ശേരി വിമാനത്താവളത്തിനു സമീപം പുതിയ റെയില്‍വേ സ്റ്റേഷന്‍ വരുന്നു. എയര്‍പോര്‍ട്ട് യാത്രികര്‍ക്ക് വലിയ ആശ്വാസമാകുന്ന ദീര്‍ഘനാളത്തെ ആവശ്യമാണ് നടപ്പിലാകാന്‍ പോകുന്നത്. സോളാര്‍ പാടത്തിന് സമീപത്തായാണ് പുതിയ റെയില്‍വേ സ്റ്റേഷന്‍ നിര്‍മിക്കുക. ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍എന്‍ സിങ് സ്ഥലം സന്ദര്‍ശിച്ച് എസ്റ്റിമേറ്റ് തയാറാക്കാന്‍ നിര്‍ദേശം നല്‍കി. ആഭ്യന്തര, രാജ്യാന്തര ടൂറിസ്റ്റുകള്‍ക്കു ചെലവു കുറഞ്ഞ യാത്രാ സൗകര്യമൊരുക്കാന്‍ ഈ റെയില്‍വേസ്റ്റേഷനിലൂടെ സാധിക്കും.
‘നേരത്തെ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കേരളത്തിലൂടെ ട്രെയിനില്‍ യാത്ര ചെയ്തിരുന്നു. അന്ന് തൃശൂര്‍ വരെ ഒപ്പം സഞ്ചരിച്ചപ്പോള്‍ എയര്‍പോര്‍ട്ട് സ്റ്റേഷന്‍ യാഥാര്‍ഥ്യമാകാത്തത് ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഈ സമയത്താണ് അശ്വിനി വൈഷ്ണവ് റെയില്‍വേ സ്റ്റേഷന് പുതിയ സ്ഥലം നിര്‍ദേശിച്ചത്’, കേന്ദ്ര സഹമന്ത്രി ജോര്‍ജ് കൂര്യന്‍ പറഞ്ഞു.
ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍എന്‍ സിങ് സ്ഥലം സന്ദര്‍ശിച്ച് എസ്റ്റിമേറ്റ് തയാറാക്കാന്‍ നിര്‍ദേശം നല്‍കി. 24 കോച്ചുകളുള്ള ട്രെയിനുകള്‍ക്ക് നിര്‍ത്താന്‍ കഴിയുന്ന രണ്ട് പ്ലാറ്റ്‌ഫോമുകളാണ് പുതിയ റെയില്‍വേ സ്റ്റേഷനില്‍ നിര്‍മിക്കുക. രൂപരേഖ പ്രകാരം റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍നിന്നു പുറത്തേക്കിറങ്ങുക റണ്‍വേയുടെ അതിര്‍ത്തിയിലുള്ള ചൊവ്വര – നെടുവന്നൂര്‍ – എയര്‍പോര്‍ട്ട് റോഡിലേക്കാണ്. മേല്‍പാലത്തിനു താഴെയുള്ള റോഡിലൂടെ ഒന്നര കിലോമീറ്റര്‍ മാത്രമേ വിമാനത്താവളത്തിലേക്കുള്ളൂ.
2010ല്‍ കേന്ദ്ര മന്ത്രിയായിരുന്ന ഇ അഹമ്മദ് നെടുമ്പാശേരി റെയില്‍വേ സ്റ്റേഷനു തറക്കല്ലിട്ടിരുന്നെങ്കിലും പദ്ധതി മുന്നോട്ടുപോയില്ല. കൊച്ചി എയര്‍പോര്‍ട്ട് റെയില്‍വേ സ്റ്റേഷനായി പരിഗണിക്കുന്നത് നേരത്തേ നിര്‍ദേശിക്കപ്പെട്ട സ്ഥലത്തു നിന്ന് 500 മീറ്ററോളം മാറി വിമാനത്താവളത്തിനടുത്ത്. 2010 ല്‍ കരിയാട്മറ്റൂര്‍ റോഡിലെ അകപ്പറമ്പ് റെയില്‍വേ ഗേറ്റിനോടു ചേര്‍ന്നുള്ള സ്ഥലമാണ് ആദ്യം പരിഗണിച്ചത്. ഇപ്പോള്‍ പരിഗണിക്കുന്നത്, അതില്‍ നിന്നു 500 മീറ്ററോളം ആലുവ ഭാഗത്തേയ്ക്കു മാറിയുള്ള സ്ഥലമാണ്.
Add Comment