Tech

ഐഒഎസിന്റെ പുതിയ അപ്‌ഡേറ്റ് 18.2 ഈ ആഴ്ചയെത്തും

ആപ്പിളിന്റെ ഐഒഎസിന്റെ പുതിയ അപഡേറ്റ് ഡിസംബർ രണ്ടാം വാരം എത്തിയേക്കും. ഐഒഎസ് 18.2 പതിപ്പാണ് പുതുതായി എത്തുന്നത്. ആദ്യഘട്ടത്തിൽ ഐഫോൺ 15 , 15 പ്രോ, 15 പ്രോമാക്‌സ്, ഐഫോൺ 16 തുടങ്ങിയവയ്ക്കാണ് പുതിയ അപ്‌ഡേറ്റ് ലഭ്യമാവുക.

പുതിയ അപ്‌ഡേറ്റിൽ എഐ അടിസ്ഥാനമാക്കിയുള്ള മാറ്റങ്ങളാണ് കൂടുതലായി ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ അപ്‌ഡേറ്റോടെ ഐഫോണുകളിൽ ജെൻമോജി, ഇമേജ് പ്ലേഗ്രൗണ്ട്, ചാറ്റ്ജിപിടി-ഇന്റഗ്രേറ്റഡ് സിരി എന്നിവയാണ് പുതിയ അപ്‌ഡേറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഹാർഡ് വെയർ പരിമിതികൾ കാരണം ഐഫോണിന്റെ പഴയ മോഡലുകളിൽ ഐഒഎസ് അപ്‌ഡേറ്റ് പൂർണമായി ലഭിച്ചേക്കില്ല. പുതിയ അപ്‌ഡേറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇമേജ് പ്ലേഗ്രൗണ്ട് എഐ അധിഷ്ഠിതമാണ്. കീബോർഡ് അപ്ലിക്കേഷനിൽ ഉപഭോക്താക്കളുടെ ഇഷ്ടാനുസൃതം ഇമോജികൾ സൃഷ്ടിക്കാൻ സാധിക്കുന്ന അപ്‌ഡേഷനാണ് ജെൻമോജി.

സിരിക്കൊപ്പം ചാറ്റ്ജിപിടി കൂടി ചേർത്താണ് പുതിയ അപ്‌ഡേഷനിൽ വരുന്നത്. നിലവിലെ സിരിയുടെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ പുതിയ അപ്‌ഡേറ്റ് സഹായിക്കും.

ഇതിന് പുറമെ ഐഫോൺ 16 സീരിസിൽ മാത്രം വിഷ്വൽ ഇന്റലിജൻസ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ ക്യാമറ ഉപയോഗിച്ച് സ്ഥലങ്ങളുടെയും സാധനങ്ങളുടെയും തത്സമയ വിവരങ്ങൾ ഉപഭോക്താവിന് നൽകും. ഡിസംബർ 10, 11 ദിവസങ്ങളിൽ ഏതെങ്കിലും ഒരു ദിവസം രാത്രി 10.30 നും 11.30 നും ഇടയിലായിരിക്കും ഐഒഎസ് 18.2 ഇന്ത്യയിൽ ലോഞ്ച് ചെയ്യാനുള്ള സാധ്യതയെന്നാണ് ടെക് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.